സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

0
19

റിയാദ്: സഊദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ നാസർ ബിൻ റദാൻ അൽ റാഷിദ് അൽ വദായ് അന്തരിച്ചു. 142 ആമത്തെ വയസ്സിൽ തലസ്ഥാന നഗരിയായ റിയാദിൽ വെച്ചായിരുന്നു അന്ത്യം. സഊദി അറേബ്യയുടെ സ്ഥാപകനായ രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സഊദി ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചവരിൽ അവസാന കണ്ണിയാണ് മരണപ്പെട്ട നാസഅൽ വദാഇ. സഊദി രാഷ്ട്രത്തിന്റെ തുടക്കം മുതൽ രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ പുത്രന്മാരായ രാജാക്കന്മാരുടെ ഭരണകാലങ്ങൾ താണ്ടി നിലവിലെ രാജാവ് രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് കാലഘട്ടം വരെ നീണ്ട സഊദി ഭരണ മാറ്റങ്ങൾക്ക് ഇദ്ദേഹം സാക്ഷിയായി വിശിഷ്ടമായ ഒരു പാരമ്പര്യവും സമ്പന്നമായ ജീവിതവും അവശേഷിപ്പിച്ചാണ് മരണം.

ധൈര്യം, ശാരീരിക ശക്തി, സൗമ്യ സ്വഭാവം, ജ്ഞാനം, അഭിപ്രായവ്യത്യാസങ്ങൾ അനുരഞ്ജിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയ്ക്ക് പുറമേ, കുലീനത, ധീരത, വിശ്വസ്തത എന്നിവയ്ക്ക് പേരുകേട്ടവനായിരുന്നു ശൈഖ് നാസർ ബിൻ റദാൻ അൽ റാഷിദ് അൽ വാദി. അത് അദ്ദേഹത്തെ അറിയുന്ന എല്ലാവരുടെയും സ്നേഹവും ആദരവും നേടിയെടുക്കാൻ കാരണമായി.

തന്റെ ജീവിതകാലയളവിൽ 40-ലധികം തവണ അദ്ദേഹം ഹജ്ജ് കർമ്മം നിർവഹിച്ചു. മികച്ച ആരോഗ്യശീലങ്ങളും മതഭക്തിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. മക്കളും പേരക്കുട്ടികളുമായി 134 പേരാണ് അദ്ദേഹത്തിന്റെ പിൻഗാമികളായുള്ളത്.

രാജ്യത്തിന്റെ തെക്കൻ മേഖലയിലുള്ള ദഹ്‌റാൻ അൽ ജനൂബിൽ വെച്ചായിരുന്നു മയ്യിത്ത് നമസ്‌കാരം. തുടർന്ന് ജന്മഗ്രാമമായ അൽ റാഷിദിൽ മൃതദേഹം ഖബറടക്കി. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ഏഴായിരത്തിലധികം പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

സഊദിയിലെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വിയോഗം വലിയ ചർച്ചയായിട്ടുണ്ട്. സഹനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായാണ് സഊദി ജനത അദ്ദേഹത്തെ സ്മരിക്കുന്നത്.