സഊദിയിൽ പുറത്തിറക്കിയ പുതിയ പെട്രോൾ ഒക്ടെയ്ൻ 98 ന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു

0
30

റിയാദ്: സഊദിയിൽ പുതുതായി പുറത്തിറക്കിയ പുതിയ തരം പെട്രോൾ ആയ ഒക്ടെയ്ൻ 98 ന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ പെട്രോളിയം സർവ്വീസ് കമ്പനിയായ അൽ ഡ്രീസ്കമ്പനിയാണ് രാജ്യത്തെ പുതിയ ഇനം ഇന്ധന വിലയിൽ ഔദ്യോഗികമായി ഒരു അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. അംഗീകൃത ഇന്ധന വിലനിർണ്ണയ സംവിധാനത്തിനുള്ളിൽ 98 ഒക്ടെയ്ൻ ഗ്യാസോലിന്റെ വില ലിറ്ററിന് 2.88 റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ സഊദിയിലെ ചില പെട്രോൾ പമ്പുകളിൽ ഇനി മുതൽ മൂന്ന് തരം പെട്രോളുകൾ ലഭ്യമാകും.

പുതിയ വിലകൾ ഇപ്രകാരമാണ്:

പെട്രോൾ 91: 2.18 റിയാൽ / ലിറ്റർ

പെട്രോൾ 95: 2.33 റിയാൽ / ലിറ്റർ

പെട്രോൾ 98: 2.88 റിയാൽ / ലിറ്റർ

ഡീസൽ: ലിറ്ററിന് 1.79 റിയാൽ / ലിറ്റർ

മണ്ണെണ്ണ: ലിറ്ററിന് 1.59 റിയാൽ / ലിറ്റർ

പ്രത്യേകതകൾ 👇

സഊദി അറേബ്യയിലെ ഇന്ധന വിപണിയില്‍ പുതിയ വിപ്ലവത്തിനൊരുങ്ങി സഊദി അരാംകോയാണ് പുതിയ പെട്രോൾ പുറത്തിറക്കിയത്. അത്യാധുനിക എന്‍ജിനുകളുള്ള സ്‌പോര്‍ട്‌സ് കാറുകള്‍ക്കും പ്രീമിയം വാഹനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ‘ഗ്യാസോലിന്‍ 98’ ആണിത്.

അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളുടെ എന്‍ജിന്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭകരമാക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരാംകോയുടെ പുതിയ നീക്കം. നിലവിലുള്ള ഇന്ധനങ്ങള്‍ക്ക് പുറമെ ഒരു അധിക പ്രീമിയം ഓപ്ഷനായിട്ടായിരിക്കും ഗ്യാസോലിന്‍ 98 വിതരണം ചെയ്യുക.

ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ കൂടുതലായുള്ള റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ നഗരങ്ങളിലും ഇവയെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമാണ് വിതരണം ആരംഭിക്കുന്നത്. രാജ്യത്തെ ആകെ വാഹനങ്ങളിൽ ഏകദേശം 0.5 ശതമാനം മാത്രമാണ് ഉയർന്ന ഒക്ടേൻ ഇന്ധനം ആവശ്യമുള്ള സ്പോർട്സ്/ഹൈ-പെർഫോമൻസ് വാഹനങ്ങൾ. ഈ നഗരങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായുള്ളത് എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

വിപണിയിലെ ആവശ്യകത വിലയിരുത്തി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. പുതിയ ഇന്ധനത്തിന്റെ വിപണി വില സംബന്ധിച്ച വിവരങ്ങള്‍ അരാംകോയുടെ വെബ്സൈറ്റിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും.

ഇതോടെ സഊദി അറേബ്യയിലെ വിവിധതരം വാഹനങ്ങളുടെ എൻജിൻ ശേഷിക്കും പ്രവർത്തനമികവിനും അനുയോജ്യമായ രീതിയിൽ മൂന്ന് തരം പെട്രോളുകൾ ഇനി മുതൽ ഇന്ധന സ്റ്റഷനുകളിൽ ലഭ്യമാകും. നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകൾക്ക് പുറമെയായിരിക്കും പുതുതായി ‘98 ഒക്ടേൻ’ പെട്രോൾ കൂടി ജനുവരി മുതൽ വിതരണത്തിനെത്തുക.

കുറഞ്ഞതോ ഇടത്തരമോ ആയ മർദത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സാധാരണ എൻജിനുകൾക്കും അനുയോജ്യമായ ഇന്ധനമാണ്​ പെട്രോൾ 91. മികച്ച പ്രവർത്തനക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഇത് ഉറപ്പാക്കുന്നു. പെട്രോൾ 95 ഇടത്തരം മുതൽ ഉയർന്ന മർദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോൾ 98 അതിവേഗ സ്പോർട്സ് കാറുകൾ പോലെയുള്ള ഉയർന്ന ആഭ്യന്തര മർദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. എൻജിനുള്ളിൽ ഇന്ധനം വെറുതെ ജ്വലിക്കുന്നത് ഒഴിവാക്കാൻ ഇത്തരം കരുത്തുറ്റ എൻജിനുകൾക്ക് ഉയർന്ന ഒക്ടേൻ നിരക്കുള്ള ഇന്ധനം അത്യാവശ്യമാണ്.