നവ്സാരി: ഗുജറാത്തിലെ നവ്സാരിയിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത 8പേരെ അറസ്റ്റ് ചെയ്തു. രാത്രി പ്രാഥമികാവശ്യം നിറവേറ്റാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരവും ഭാരതീയ ന്യായ സംഹിതിയിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
ജനുവരി 7ന് നവ്സാരിയിലെ വാൻസ്ഡ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. രാത്രി 10.30ന് പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂന്നുപേർ സ്കൂട്ടറിലെത്തി അവളെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയുടെ കുടുംബത്തെ അറിയുന്നവരാണ് തട്ടിക്കൊണ്ടുപോയത്.
വീട്ടിൽ നിന്ന് 2.5 കിലോമീറ്റർ ദൂരത്തുള്ള ഒരു സ്ഥലത്തേക്കാണ് പെൺകുട്ടിയെ ഇവർ എത്തിച്ചത്. മറ്റു 5 പേർ കൂടി അവിടെ ഉണ്ടായിരുന്നു. അവിടെ വച്ച് പെൺകുട്ടിയെ ഇവർ കൂട്ട ബലാത്സംഗം ചെയ്തു. കാണാതായ പെൺകുട്ടിയ്ക്കായി കുടുംബം തിരച്ചിൽ നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ 8 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പ്രതികളെ റിമാൻഡ് ചെയ്തു.





