ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും, ഞാൻ ഈമാനുള്ള കമ്യൂണിസ്റ്റ്; എ.കെ ബാലൻ

0
126

പാലക്കാട്: മാനനഷ്ടക്കേസിൽ താൻ ജയിലിൽ പോയാൽ ഖുർആൻ പരിഭാഷ വായിച്ച് തീർക്കുമെന്നും താനൊരു ഈമാനുള്ള കമ്യൂണിസ്റ്റാണെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ.

മാറാട് കലാപം പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി മാനനഷ്ടക്കേസ് നൽകിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ ബാലൻ. ഖുർആൻ പരിഭാഷ ഉയർത്തിയാണ് ബാലന്റെ പ്രതികരണം.

‘ഖുർആൻ എനിക്കിഷ്ടപ്പെട്ട ഒരു മതഗ്രന്ഥമാണ്. ഹൈക്കൽ എഴുതിയ ഇംഗ്ലീഷ് പരിഭാഷയുടെ മലയാള തർജമ ആർത്തിയോടെ വായിച്ചയാളാണ് ഞാൻ. മാനനഷ്ടക്കേസിൽ തന്നെ ശിക്ഷിച്ച് ജയിലാക്കുകയാണെങ്കിൽ ആദ്യം ചെയ്യുക ഖുർആൻ പരിഭാഷ വായിച്ചുതീർക്കുക എന്നതാണ്. ഞാനൊരു കപട വിശ്വാസിയല്ല. തൊഴിലാളി വർഗത്തോട് കൂറുള്ള വിശ്വാസിയാണ്. ഈമാനുള്ള ഒരു കമ്യൂണിസ്റ്റാണ്. എന്റെ ജീവിതത്തിൽ കാപട്യമില്ല’- ബാലൻ അവകാശപ്പെട്ടു.

തന്റെ മണ്ഡലത്തിൽ താൻ ശ്രദ്ധിച്ചതുപോലെ തന്നെ ന്യൂനപക്ഷങ്ങൾക്ക് നല്ല സ്വാധീനമുള്ള നാദാപുരത്തും വികസനം ചെയ്തെന്നും താനൊരു മുസ്‌ലിം വിരുദ്ധനാണെന്ന് ചിത്രീകരിക്കുമ്പോൾ ഈ ചരിത്രം ഓർക്കണമെന്നും ബാലൻ അഭിപ്രായപ്പെട്ടു. ലീഗുകാർ തൻ്റെ പേരിൽ റോഡിന് പേരിട്ടുണ്ട്. തൻ്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാറുണ്ട്. ഇസ്‌ലാമിക പ്രഭാഷണം കേട്ടവനാണ് താൻ. മുസ്‌ലിംകൾക്കിടയിൽ ജീവിച്ചവനാണെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിക്കാനും എ.കെ ബാലന്‍ തയാറായില്ല. ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും മാപ്പ് പറയാന്‍ മനസില്ലെന്നും ബാലന്‍ പറഞ്ഞു. തന്നെ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. നോട്ടീസില്‍ പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും ജയിലില്‍ പോകേണ്ടി വന്നാല്‍ സന്തോഷപൂര്‍വം വിധി സ്വീകരിക്കുമെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.