മാരകമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികൾക്കുള്ള നെസ്ലെയുടെ ചില ഭക്ഷ്യ ഉൽപന്നങ്ങൾ തിരികെ വിളിച്ച് യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍.
ബേബി ഫുഡ് നിര്‍മിക്കാനുപയോഗിച്ച അസംസ്കൃത വസ്തുക്കളിലൊന്നിൽ ‘ബാസിലസ് സിറസ്’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഈ കടുത്ത നടപടിക്ക് കാരണം. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ച ഈ പ്രതിസന്ധിയിൽ ഇപ്പോൾ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും കര്‍ശന ജാഗ്രത നിര്‍ദേശിച്ചിരിക്കുകയാണ്. കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻകരുതൽ നടപടി.
ഒരു പ്രധാന വിതരണക്കാരനിൽ നിന്ന് ലഭിച്ച അസംസ്‌കൃത വസ്തുക്കളിലാണ് (അറാക്കിഡോനിക് ആസിഡ് ഓയിൽ) ഈ പ്രശ്നം കണ്ടെത്തിയതെന്ന് നെസ്‌ലെ അറിയിച്ചു. ഉൽപന്നങ്ങൾ തിരികെ നൽകാനും പണം തിരികെ വാങ്ങാനുമുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. കടകളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ ബാച്ചുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ ബാച്ച് ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അത് നശിപ്പിച്ചുകളയണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇക്ക് പുറമെ ഖത്തർ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളും ഈ ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാൻ കംഫർട്ട് 1, നാൻ ഒപ്റ്റിപ്രോ 1, നാൻ സുപ്രീം പ്രോ 1, 2, 3, എസ്-26 അൾട്ടിമ 1, 2, 3 (ഐസോമിൽ അൾട്ടിമ), അൽഫാമിനോ എന്നീ ഉൽപന്നങ്ങളുടെ ചില ബാച്ചുകളാണ് വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നതെന്നാണ് യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇഡിഇ) നൽകുന്ന വിവരം. ബാസിലസ് സിറസ് എന്ന ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ‘സിറിലൈഡ്’ എന്ന വിഷാംശമാണ് ഈ ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഈ വിഷാംശം കുട്ടികളുടെ ശരീരത്തിലെത്തിയാല്‍ വയറിളക്കം, അമിതമായ തളർച്ച, കടുത്ത ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായേക്കാം. അതേസമയം നെസ്ലെയുടെ ഈ പ്രസ്തുത ബാച്ചിലുളള ഉല്‍പന്നങ്ങള്‍ കഴിച്ചിട്ട് ഇതുവരെ ആര്‍ക്കും ഇത്തരം അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും മുൻകരുതൽ എന്ന നിലയ്ക്കാണ് കമ്പനിയും സർക്കാരുകളും ഉൽപന്നങ്ങൾ പിൻവലിക്കുന്നത്.
….





