തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഇന്നു രാവിലെ കൊച്ചിയിലെ എസ്ഐടി ഓഫിസിലേക്കു ചോദ്യം ചെയ്യാനാണ് രാജീവരെ വിളിപ്പിച്ചത്. അതിനു ശേഷമായിരുന്നു അറസ്റ്റ്.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇതിന്റെ ഭാഗമായുള്ള ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്തു. സ്വർണക്കൊള്ള വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇസിഐആർ.





