വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വരനും ബന്ധുക്കൾക്കും ദാരുണാന്ത്യം

0
122

അരിസോന: വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു.  ജോയെലീൻ ലിൻസ്ട്രോമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രതിശ്രുത വരനായ ഡേവിഡ് മക്കാർട്ടി (59), ബന്ധുക്കളായ റേച്ചൽ (23), ഫെയ്ത്ത് (21), കാറ്റലിൻ ഹൈഡ്മാൻ (22) എന്നിവർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.

അരിസോനയിലെ സുപ്പീരിയറിനടുത്തുള്ള ടെലിഗ്രാഫ് കാന്യോണിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ട യുവതികളിൽ രണ്ട് പേർ ഡേവിഡിന്റെ സഹോദരപുത്രിമാരായിരുന്നു. ഒരാൾ ഡേവിഡിന്റെ സഹോദരിപുത്രിയുമെന്നാണ് റിപ്പോർട്ടുകൾ.

രാവിലെ 11ന് ഹെലികോപ്റ്റർ പർവതങ്ങൾക്ക് കുറുകെ കെട്ടിയിട്ടിരിക്കുന്ന ‘സ്ലാക്ക് ലൈനിൽ’ ഇടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം 5 മണിയോടെ തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

പരിചയസമ്പന്നനായ പൈലറ്റായിരുന്നു ഡേവിഡ് മക്കാർട്ടി. ഡേവിഡ് ആണ് ഹെലികോപ്റ്റർ പറത്തിയിരുന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) എന്നിവ പർവതങ്ങൾക്ക് കുറുകെ ‘സ്ലാക്ക് ലൈൻ’ എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കെട്ടിയ സ്ലാക്ക് ലൈനാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.