യുവതി വീട്ടിൽ രക്തം വാർന്ന് മരിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ

0
175

ഉപ്പുതറ: തലയിൽ മാരകമായി പരുക്കേറ്റ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവിൽ രജനി (38) ആണു മരിച്ചത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ സുബിൻ (രതീഷ്) ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടു സ്‌കൂളിൽനിന്നു മടങ്ങിയെത്തിയ ഇളയ മകനാണു രജനിയെ ചോര വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പൊലീസുമെത്തിയത്. ‌തലയുടെ പിന്നിൽ അടിയേറ്റു സാരമായി പരുക്കേറ്റിട്ടുണ്ട്. സുബിൻ ഇന്നലെ ഉച്ചയോടെ പരപ്പിൽനിന്നു ബസിൽ കയറിപ്പോകുന്നതു ചിലർ കണ്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ വീട്ടിൽ കലഹം പതിവായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതികളും ഉണ്ടായിരുന്നു. രജനി ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ചീന്തലാർ ഇഞ്ചിമല കരിപ്പറമ്പിൽ കുഞ്ഞൂഞ്ഞുകുട്ടി-രമണി ദമ്പതികളുടെ മകളാണു രജനി. മക്കൾ: രേവതി, രതിൻ, രാജീവ്.
…..