വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്ന ഒരു കുട്ടി കൂടി മരിച്ചു; വിങ്ങലടക്കാനാവാതെ പ്രവാസലോകം

0
108

അബുദാബിഅബുദാബി – ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്ന ഒരു കുട്ടി കൂടി മരിച്ചു. തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം(8) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം, സംഭവസ്ഥലത്ത് തന്നെ ഇന്നലെ മരിച്ച കുട്ടികളായ  അഷാസ്(14), അമ്മാർ(12), അയാഷ്(5) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് ദുബായിൽ കബറടക്കം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി. അപകടത്തിൽ  വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ(48)യും മരിച്ചിരുന്നു.

ഇന്നലെ(ഞായർ) പുലർച്ചെയാണ് ഗൾഫിലെ ഇന്ത്യൻ സമൂഹത്തെഞെട്ടിപ്പിച്ച ദാരുണമായ അപകടമുണ്ടായത്. ഗുരുതര  പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ആരോഗ്യനില മെച്ചപ്പെട്ടു. റുക്സാനയ്ക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.  ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവൽ സന്ദർശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം.