സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് സൂചന; സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്

0
95

പാലക്കാട് / തൃശൂർ: പി.സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്ന് വിവരം. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിലാണ് നീക്കം നടത്തുന്നത്. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുള്ളതായും വിവരമുണ്ട്.

ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സരിന് ലഭിച്ചിരിക്കുന്ന നിർദേശം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു സരിൻ. ഷാഫി പറമ്പിൽ രാജിവച്ച ഒഴിവിൽ പാലക്കാട് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സരിൻ യുഡിഎഫ് വിട്ട് എൽഡിഎഫ് പാളയത്തിലെത്തിയത്. 

അതേ സമയം, താൻ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. പരസ്യമായി മത്സരിക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞതോടെ പാര്‍ട്ടി തീരുമാനം നിര്‍ണായകമാകും. 

‘‘നേമത്ത് രണ്ട് തവണ ജയിച്ചു. ഒരു തവണ പരാജയപ്പെട്ടു.എൽഡിഎഫും സിപിഎമ്മും തീരുമാനിക്കും.സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കില്ല. പാർട്ടി എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും മുന്നോട്ടുപോകുന്നത്. അതാണ് അവസാനവാക്ക്’’ – ശിവൻകുട്ടി പറഞ്ഞു. എന്നാൽ വാക്കുകൾ ചർച്ചയായതോടെ മത്സരിക്കാൻ ഉണ്ടെന്നോ ഇല്ലെന്നോ താൻ പറഞ്ഞിട്ടില്ലെന്നായി ശിവൻകുട്ടിയുടെ വിശദീകരണം. നേമത്ത് രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളി. നേമത്ത് വീണ്ടും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്.