ന്യൂയോർക്ക്: സൈനിക നീക്കത്തിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിന് തിരുത്തുമായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വെനസ്വേലയുടെ ദൈനംദിന ഭരണം ഏറ്റെടുക്കുന്നതിന് യുഎസിന് പദ്ധതിയില്ലെന്നാണ് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റൂബിയോ വ്യക്തമാക്കിയത്.
വെനസ്വേലയിലെ എണ്ണവിൽപ്പനയിൽ സമ്മർദ്ദം ചെലുത്തി മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടുവരികയാണ് യുഎസ് ഉദ്ദേശിക്കുന്നതെന്ന് റൂബിയോ പറഞ്ഞു. യോഗ്യനായ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ വെനസ്വേലയയുടെ ഭരണം ഏറ്റെടുക്കുമെന്ന തരത്തിലായിരുന്നു പത്രസമ്മേളനത്തിൽ ട്രംപിൻ്റെ പ്രസ്താവനകൾ.
എന്നാൽ, പ്രസിഡന്റ് നിലവിലുള്ള ഉപരോധങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്ന് പറയുകയായിരുന്നു യഥാർഥത്തിൽ ചെയ്തത് എന്നാണ് ട്രംപിന്റെ വാക്കുകളെ വ്യഖ്യാനിച്ചുകൊണ്ട് റൂബിയോ വ്യക്തമാക്കിയത്. അതേസമയം, യുഎസ് മറ്റൊരു ദീർഘകാല വിദേശ ഇടപെടലിലേക്ക് കടക്കുന്നുവെന്ന ആശങ്കകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് മാർക്കോ റൂബിയോയുടെ ഇപ്പോഴത്തെ പ്രസ്താവന എന്നാണ് കരുതുന്നത്.
ശനിയാഴ്ച വെനസ്വേലയിൽ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്കും നാടകീയമായ അറസ്റ്റിനും പിന്നാലെ മഡുറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് എത്തിച്ചിരുന്നു. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവെച്ച്, സൈനികരുടെ അകമ്പടിയോടെ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയും അമേരിക്ക പുറത്തുവിട്ടു. ഞായറാഴ്ച ന്യൂയോർക്കിലെ ജയിലിലേക്കു മാറ്റിയ ഇവരെ ചോദ്യംചെയ്യുകയാണ്. തിങ്കളാഴ്ച മാൻഹട്ടൻ കോടതിയിൽ ഹാജരാക്കും.
മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെ നശിപ്പിക്കാനായി ടൺ കണക്കിന് കൊക്കെയ്ൻ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം.





