നൂറുസീറ്റ് ലക്ഷ്യംവെച്ച് നിയസഭാതിരഞ്ഞെടുപ്പിന്‌ ഒരുക്കം തുടങ്ങാൻ കോൺഗ്രസ്

0
104

സുൽത്താൻബത്തേരി: നൂറുസീറ്റ് ലക്ഷ്യംവെച്ച് നിയസഭാതിരഞ്ഞെടുപ്പിന്‌ ഒരുക്കം തുടങ്ങാൻ കോൺഗ്രസ്. ഇതിനുള്ള മാർഗനിർദേശം സുൽത്താൻബത്തേരിയിൽ നടക്കുന്ന കെപിസിസി ലക്ഷ്യ 2026 ലീഡർ സമ്മിറ്റിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച അവതരിപ്പിക്കും. ഫെബ്രുവരി ആദ്യത്തോടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയാവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ വോട്ടർമാരിലേക്കിറങ്ങുക പ്രകടനപത്രികയുമായാകും.

ജനുവരിയിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാകും ഊന്നൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർക്ക് ഇതിന് പ്രത്യേക ചുമതല നൽകും. സജീവമാകാത്ത മണ്ഡലം, ബ്ലോക്ക്, ബൂത്ത് ഭാരവാഹികളെ മാറ്റിനിർത്തും.

മാർഗരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായി നേതാക്കളെ ഉത്തര-മധ്യ-ദക്ഷിണ മേഖല തിരിച്ച് ചർച്ചനടത്തി. അതിലുയർന്ന വിഷയങ്ങൾ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ഇതിനുപുറമേ തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ കനഗോലുവും നിർദേശങ്ങൾ അവതരിപ്പിച്ചു.

നേതൃത്വവുമായി ഇടഞ്ഞുനിന്ന ശശി തരൂരിനെവരെ ഒരുമിച്ചുനിർത്തി മുന്നോട്ടുപോവും. പരസ്യമായി വിവാദങ്ങളുണ്ടാക്കുന്നവരെ മാറ്റിനിർത്തും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വിജയം മുൻനിർത്തിയുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന മുന്നറിയിപ്പുമുണ്ട്.