മദീന അപകടം: ഭാര്യയും മക്കളും സഊദിയിൽ എത്തിയത് സന്ദർശന വിസയിൽ, കുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ടതായിരുന്നു

0
281

മദീന: മദീനക്കടുത്ത് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാല് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രാദേശിക സമയം ഇന്നലെ രാത്രി മദീനക്ക് സമീപം ഉതൈമ എന്ന സ്ഥലത്തു വെച്ച് ആണ് അപകടം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ തിരൂർക്കാട് വെള്ളില യു.കെ പടി തോണിക്കര സ്വദേശികളായ കുടുംബമാണ് അപകടത്തിൽ പെട്ടത്. വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ, ജലീലിന്റെ മകൻ ആദിൽ (13) എന്നിവരാണ് മരിച്ചത്.

വാഹനത്തിൽ ജലീൽ, ജലീലിന്റെ ഉമ്മ, ഭാര്യ, നാല് മക്കൾ എന്നിങ്ങനെ ഏഴു പേർ ഉണ്ടായിരുന്നു. മൂന്ന് മക്കൾ രണ്ട് വ്യത്യസ്ത ഹോസ്പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്.

ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ ആണ് സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയന്നത്.

അപകടത്തിൽ മരിച്ചവർ
വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തു വരിക ആണ് ജലീൽ. ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്നത്. ഭാര്യയും മക്കളും സന്ദർശന വിസയിൽ ആണ് സൗദിയിൽ എത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലും എത്തി. ജലീലിന് ആകെ ഏഴു മക്കൾ ആണ് ഉള്ളത്. ഇതിൽ മൂത്ത കുട്ടികളെ നാട്ടിൽ ആക്കുകയായിരുന്നു.

കുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ടതായിരുന്നു. ജലീൽ കമ്പനിയുടെ ജോലി ആവശ്യാർഥം 800 കി.മീ അകലെയുള്ള ഹാഇലിൽ പോയി മദീന വഴി മടങ്ങുകയായിരുന്നു. മദീന കഴിഞ്ഞ് വാദി ഫർഹ പ്രദേശത്തിനടുത്തുള്ള അൽ യുത്മ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ജിഎംസി യുകോൺ കാർ പുല്ല് കൊണ്ടുപോകുന്ന ട്രെക്കിന് പിറകിൽ ഇടിക്കുകയായിരുന്നു.