യെമനിലെ സംഘർഷം: ആശങ്ക രേഖപ്പെടുത്തി യുഎഇ, സംയമനം പാലിക്കണമെന്ന് ആഹ്വാനം

0
129

അബുദാബി: യെമനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിലും വർധിച്ചുവരുന്ന പ്രകോപനങ്ങളിലും യുഎഇ കടുത്ത ആശങ്ക രേഖപ്പെടുത്തി. യെമനിലെ സഹോദര ജനത വിവേകത്തോടെ പ്രവർത്തിക്കണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുൻഗണന നൽകി ഒത്തൊരുമയോടെ നീങ്ങണമെന്നും യുഎഇ ആഹ്വാനം ചെയ്തു. യെമന്റെയും മേഖലയുടെയും സമാധാനത്തിനും പുരോഗതിക്കും യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണ്. പോരാട്ടങ്ങൾക്ക് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണം.

നിലവിലുള്ള ഭിന്നതകൾ രമ്യമായി പരിഹരിക്കാൻ രാഷ്ട്രീയമായ ഒത്തുതീർപ്പുകൾക്കാണ് മുൻഗണന നൽകേണ്ടത്. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഉത്തരവാദിത്തപരമായ സമീപനമാണ് നിലവിൽ ആവശ്യമെന്നും യുഎഇ ചൂണ്ടിക്കാട്ടി. സംഘർഷം ലഘൂകരിക്കുന്നതും ക്രിയാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതുമാണ് വെല്ലുവിളികൾ മറികടക്കാനുള്ള ഏക മാർഗം. യെമനിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനും ജനങ്ങളുടെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാനും ചർച്ചകൾ സഹായിക്കുമെന്ന് യുഎഇ ആവർത്തിച്ചു.