മൂന്നര മാസത്തെ നരകയാതന; ധർമ്മശാലയിൽ റാഗിങ്ങിന് ഇരയായ പെൺകുട്ടി മരിച്ചു

0
177

ഷിംല: ധർമ്മശാലയിലെ സർക്കാർ കോളേജിൽ അതിക്രൂരമായ റാഗിങ്ങിന് ഇരയായ 19 വയസ്സുള്ള വിദ്യാർത്ഥിനി മരിച്ചു. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം.

റാഗിങ്ങിന്റെ പേരിൽ മുതിർന്ന വിദ്യാർഥികൾ പെൺകുട്ടിയെ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിച്ചുവെന്നാണ് ആരോപണം. ധർമ്മശാലയിലെ സിദ്ബാരി സ്വദേശിയാണ് മരണപ്പെട്ട പെൺകുട്ടി.

2025 സെപ്റ്റംബർ 18-നാണ് സംഭവം. സീനിയർ വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെൺകുട്ടിയെ ആക്രമിക്കുകയും തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കോളേജ് പ്രൊഫസറായ അശോക് കുമാർ അശ്ലീല പ്രവൃത്തികൾ ചെയ്തുവെന്നും ഇത് വിദ്യാർത്ഥിനിയെ കടുത്ത ഭയത്തിലും മാനസിക സംഘർഷത്തിലും ആക്കിയെന്നുമാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്.

മർദ്ദനത്തെയും പീഡനത്തെയും തുടർന്ന് അവശയായ പെൺകുട്ടി ഹിമാചൽ പ്രദേശിലെ ആശുപത്രിയിൽ ചികിത്സ തേടി. ഭേദമാകാതെ വന്നപ്പോൾ ഹിമാചൽ പ്രദേശിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. പിന്നീട് ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. 2025 ഡിസംബർ 26-ന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

പെൺകുട്ടി മരണപ്പെട്ടതിന് പിന്നാലെ കുടുംബം പോലീസിനെ സമീപിച്ചു. 2026 ജനുവരി 1-ന് പെൺകുട്ടിയുടെ പിതാവ് ധർമ്മശാല പോലീസിൽ ഔദ്യോഗിക പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയുടെ 75 (ലൈംഗിക പീഡനം), 115(2) (സ്വമേധയാ വേദനിപ്പിക്കൽ), 3(5) (പൊതുവായ ഉദ്ദേശ്യത്തോടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരവും, ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ (റാഗിംഗ് നിരോധനം) നിയമം, 2009 ലെ സെക്ഷൻ 3 പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഹർഷിത, ആകൃതി, കോമാളിക, പ്രൊഫസർ അശോക് കുമാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് പ്രാഥമിക അന്വേഷണത്തിലാണെന്നും ധർമ്മശാല പോലീസ് സൂപ്രണ്ട് അശോക് രത്തൻ പറഞ്ഞു. നേരത്തെ പരാതി വിദ്യാർത്ഥികൾക്കെതിരെ മാത്രമായിരുന്നുവെന്നും പുതിയ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ലൈംഗിക പീഡന ആരോപണം വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗബാധിതയായിരിക്കെ പെൺകുട്ടി കുറഞ്ഞത് ഏഴ് ആശുപത്രികളിൽ ചികിത്സ തേടിയതായും പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.