‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
146

വാഷിങ്ടൻ: ഇറാനിൽ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ വെ‌ടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് ഇറാൻ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകി. 

ഇറാനിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരുക്കേറ്റെന്നുമാണ് ഇറാൻ അധികൃതർ സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരമുണ്ട്.

പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്‌. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ട ഇസ്രയേൽ ആക്രമണവും ഇറാന്റെ സാമ്പത്തികസ്ഥിതി വഷളാക്കി.