എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത് മദ്യപിച്ച്: ‘ഡ്യൂട്ടി ഫ്രീയിൽ’ കിട്ടിയത് എട്ടിന്റെ പണി

0
61

ന്യൂഡൽഹി: ഡിസംബർ 23ന് കാനഡയിൽനിന്നു ഡൽഹിയിലേക്കു സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. സർവീസിനു മുൻപ് പൈലറ്റിനെ മദ്യം മണക്കുന്നതായി വാൻകൂവർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ് ജീവനക്കാരിയാണ് അറിയിച്ചത്. മദ്യം വാങ്ങാനെത്തിയതായിരുന്നു പൈലറ്റ്.

ബ്രെത്തലൈസർ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായാണു വിവരം. പൈലറ്റിനെ കസ്റ്റഡിയിലെടുത്ത കനേഡിയൻ പൊലീസ് ഇക്കാര്യം കനേഡിയൻ ട്രാൻസ്പോർട്ട് അതോറിറ്റിയെ അറിയിച്ചു. തുടർന്ന് മറ്റൊരു പൈലറ്റിനെ ഉപയോഗിച്ചാണു സർവീസ് നടത്തിയത്. സുരക്ഷാ മാനേജ്മെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ അധികൃതർ എയർ ഇന്ത്യയ്ക്കു കത്തയച്ചതായാണു വിവരം.

പൈലറ്റിന്റെ ഫിറ്റ്നസിൽ കനേഡിയൻ അധികൃതർ ആശങ്ക രേഖപ്പെടുത്തിയിരുന്നെന്നും അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ അച്ചടക്കനടപടിയെടുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.