യെമൻ തുറമുഖത്ത് സഊദി അറേബ്യയുടെ ബോംബാക്രമണം

0
329

റിയാദ്: വിഘടനവാദി സേനയ്ക്ക് ആയുധങ്ങൾ എത്തിച്ചു എന്നാരോപിച്ച് സൗദി അറേബ്യ ചൊവ്വാഴ്ച യെമന്റെ തുറമുഖ നഗരമായ മുകല്ലയിൽ ബോംബാക്രമണം നടത്തി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്തുണയുള്ള തെക്കൻ യെമനിലെ വിഘടനവാദ ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്‌ടി‌സി) ലേക്ക് ആയുധങ്ങൾ എത്തിച്ചതായി പറയുന്ന  കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തെക്കുറിച്ച് യുഎഇ പ്രതികരിച്ചില്ല.

വിഘടനവാദികൾ യെമനിൽ നടത്തിയ സമീപകാല മുന്നേറ്റങ്ങളിൽ യുഎഇ ബന്ധം ആരോപിച്ചാണ് സൌദി നിലപാട് കടുപ്പിച്ചത്. അബുദാബിയുടെ പ്രവർത്തനങ്ങൾ അങ്ങേയറ്റം അപകടകരമാണ് എന്ന് മുന്നറിയിപ്പ് നൽകി.

യുഎഇയുടെ കിഴക്കൻ തീരത്തുള്ള തുറമുഖ നഗരമായ ഫുജൈറയിൽ നിന്നാണ് കപ്പലുകൾ മുകല്ലയിൽ എത്തിയത്. ഇതിന് പിന്നാലെയാണ് സൗദി സൈനിക ആക്രമണങ്ങൾ പ്രഖ്യാപിച്ചത്.

വിശാലമായ ചെങ്കടൽ മേഖലയിലുടനീളം അസ്വസ്ഥതയുടെ പുതിയ സാഹചര്യം രൂപപ്പെടുകയാണ്. യുഎഇ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ ആക്രമണത്തോട് സായുധമായി പ്രതികരിക്കാൻ സാധ്യതയുള്ളതായി റിപ്പോർട് ചെയ്യുന്നു.

ഇറാനിയൻ പിന്തുണയുള്ള ഹൂത്തി വിമതർക്കെതിരായ യെമന്റെ ദശാബ്ദക്കാലത്തെ യുദ്ധത്തിൽ  സൌദിയും അബുദാബിയും ഒരേ നിലപാടിലായിരുന്നു. ഇരു രാജ്യങ്ങളും അടുത്ത ബന്ധം നിലനിർത്തുകയും ഒപെക് അംഗങ്ങളായി സഹകരണത്തിൽ മുന്നോട്ട് പോവുകയമുമായിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ യെമനിലും  വിശാലമായ ഭൂമിശാസ്ത്ര മേഖലകളിലും സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക താൽപ്പര്യങ്ങൾക്കും വേണ്ടി പരസ്പരം മത്സരത്തിലായി.

സൌദി ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂത്തി വിരുദ്ധ സേന മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും തങ്ങളുടെ പ്രദേശത്തുള്ള എല്ലാ എമിറാത്തി സേനകളെയും 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.

സൗദി അറേബ്യ അനുവദിച്ചിട്ടുള്ളവ ഒഴികെ പ്രദേശങ്ങളിലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ അതിർത്തി ക്രോസിംഗുകളിലേക്കും വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും 72 മണിക്കൂർ പ്രവേശന വിലക്ക് ഏർപ്പെടുത്തി.