ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ; കുട്ടിയുടെ അസ്വാഭാവിക മരണം, അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

0
174

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസ്സുള്ള മകനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (4) ആണ് മരിച്ചത്.

വൈകുന്നേരം ആറു മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് കഴുത്തിൽ രണ്ട് പാടുകൾ കണ്ടെത്തിയത്.

കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്ടർ ഉടൻ തന്നെ കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മാതാവായ മുന്നി ബീഗത്തെയും സുഹൃത്ത് തൻബീർ ആലത്തേയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.