റാസൽഖൈമ: യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് റാസൽഖൈമ കോടതി തടവുശിക്ഷ വിധിച്ചു. മൂന്ന് മാസം തടവ് അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് കോടതി ഉത്തരവിട്ടത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടുകെട്ടാനും ഒന്നാം മിസ്‌ഡെമെനർ ക്രിമിനൽ കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി കത്തി പ്രയോഗിച്ചതിനെത്തുടർന്ന് ആക്രമണത്തിന് ഇരയായ യുവാവിന് സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചിരുന്നു. യുവാവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മൂന്നുതവണ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പ്രതിക്ക് ഇയാളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കിലും ക്രൂരമായ മർദ്ദനം ഇത്രയും വലിയ പരുക്കിന് കാരണമായതിനാൽ കടുത്ത ശിക്ഷ തന്നെ വേണമെന്ന് കോടതി നിരീക്ഷിച്ചു.
ആക്രമണത്തിന് കൂട്ടുനിന്ന മറ്റ് പ്രതികൾക്കും കോടതി തുല്യശിക്ഷ നൽകി. ഒന്നാം പ്രതിയെ യുവാവിന്റെ വീട്ടിലെത്തിക്കാനും ഉള്ളിൽക്കയറി മർദ്ദിക്കാനും ഒത്താശ ചെയ്തത് ഇവരാണെന്ന് തെളിഞ്ഞു. നേരിട്ട് ആയുധം പ്രയോഗിച്ചില്ലെങ്കിലും അക്രമത്തിന് ഒത്താശ ചെയ്യുന്നവരും തുല്യ കുറ്റക്കാരാണെന്ന ഗൗരവകരമായ സന്ദേശമാണ് ഈ വിധിയിലൂടെ കോടതി നൽകുന്നത്. നാല് പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവം.
അഞ്ച് പേരെ അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ആസൂത്രിതമായ അക്രമങ്ങളും നിയമം കയ്യിലെടുക്കുന്ന പ്രവണതകളും ഒരുതരത്തിലും അനുവദിക്കില്ലെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.





