പോലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പോലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് കടന്നെന്നു പരാതി

0
88

ആലപ്പുഴ: ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു.

തുടർന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം ഉയർന്നു. ബൈക്കിൽനിന്നും റോഡിൽ  വീണ യുവാക്കളിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. 

ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രന്റെ മകൻ അനിൽ (27), സുഹൃത്ത് രാജൻ (27) എന്നിവർക്കാണ് പരുക്ക്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്ററോളം ദൂരെയുള്ള ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4ന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.