വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകും: മുഖ്യമന്ത്രി

0
144

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കൂട്ട കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹീന സംഭവത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ നൽകുമെന്നും ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബം പോറ്റാൻ കേരളത്തിലെത്തിയ റാം നാരായണൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകും. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രിസ്മസ് ആഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ അനുവദിക്കാൻ സാധിക്കില്ല. ലോകത്തിന് ആകെ വെളിച്ചം പകരുന്ന ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നക്രമിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. തപാൽ ഓഫീസിലെ പരിപാടിയി ഗണഗീതം പാടണമെന്ന് നിർദേശം നൽകി. പ്രതിഷേധത്തെ തുടർന്ന് ആഘോഷം റദ്ദാക്കുകയാണ് ചെയ്തത്.

പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. പിന്നാലെ ബിജെപിയുടെ മുതിർന്ന നേതാക്കൾ കുട്ടികളെ അപമാനിച്ചു. ഇത്തരം സംഘങ്ങൾ തലപൊക്കുന്നത് നല്ലതല്ല. കേരളത്തിൽ ഇത്തരം സംഘങ്ങൾ കടന്നുകയറുന്നത് ഗൗരവത്തോടെ കാണും. ഇത്തരം സംഭവങ്ങൾക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം കേക്ക് നൽകാൻ പോയവരാണ് ഇത്തവണ അക്രമത്തിന് ഇറങ്ങിയതെന്നും മുഖ്യമന്ത്രി ബിജെപി നേതൃത്വത്തെ പരിഹസിച്ചു.

കേരളത്തിൻ്റെ മതേതര മനസ് ഇല്ലാതാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഒരു സർക്കാർ എങ്ങനെ ആകാൻ പാടില്ല എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സർക്കാരിൻ്റെ ഓരോ നീക്കവും. ജിഎസ്ടി സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര വ്യാപാരംഗത്ത് ഉണ്ടായ തിരിച്ചടികൾ പ്രത്യേകിച്ച് ഇറക്കുമതി നിയന്ത്രണങ്ങൾ നമ്മുടെ സാമ്പത്തിക നഷ്ടം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.