ദുബായ്: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ311) നടന്ന അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. കാർ റോഡരികിലെ കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം വിദഗ്ധർ തെളിവുകൾ ശേഖരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ആംബുലൻസുകൾക്കും രക്ഷാപ്രവർത്തകർക്കും വേഗത്തിൽ സ്ഥലത്തെത്താൻ ട്രാഫിക് പട്രോളിങ് സംഘം സൗകര്യമൊരുക്കിയതായി ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമ സലിം ബിൻ സുവൈദാൻ അറിയിച്ചു.
അമിതമായ ക്ഷീണം, ഉറക്കക്കൂടുതൽ, രക്തസമ്മർദ്ദത്തിലോ ഷുഗറിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ അവഗണിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിസ്സാരമെന്ന് തോന്നുന്ന ശാരീരിക അസ്വസ്ഥതകൾ പോലും നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ജീവന് ഭീഷണിയാവുകയും ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ കൃത്യമായ വൈദ്യപരിശോധന നടത്തണമെന്നും ദീർഘദൂര യാത്രയ്ക്കിടെ അസ്വസ്ഥത തോന്നിയാൽ വാഹനം സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി നിർത്തി വിശ്രമിക്കണമെന്നും നിർദേശിച്ചു.





