എല്ലാവർക്കും ക്രിസ്മസ് സമ്മാനം ലഭിക്കുമെന്ന അവകാശവാദത്തോടെ ലുലു ഹൈപർമാർക്കറ്റിന്റെയും തപാൽ വകുപ്പിന്റെയും/ഇന്ത്യാ പോസ്റ്റിന്റെയും പേരിൽ ഏതാനും ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ലിങ്ക് തുറന്ന് സമ്മാനം നേടാം…’ എന്നാണ് ലിങ്കിന്റെ പ്രിവ്യൂവിൽ എഴുതിയിട്ടുള്ളത്. പ്രചാരണത്തിന്റെ വസ്തുതയറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്കിന്റെ ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറിലും (+91 81291 00164) സന്ദേശം ലഭിച്ചിരുന്നു. പരിശോധിച്ചപ്പോൾ, പ്രചരിക്കുന്നത് വ്യാജ ലിങ്കുകളാണെന്ന് കണ്ടെത്തി. വാസ്തവമറിയാം.
ലിങ്ക് തുറന്നാൽ എത്തുന്ന സൈറ്റിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ക്രിസ്മസ് സമ്മാനം നേടാമെന്ന തരത്തിലാണ് ലിങ്കിന്റെ സംവിധാനം. കൂടാതെ, കൂടുതൽ ആളുകളിലേക്ക് ഈ ലിങ്ക് പങ്കുവയ്ക്കണമെന്നും നിബന്ധനയുണ്ട്.
സന്ദേശമായി ലഭിച്ച യുആർഎല്ലുകൾ പരിശോധിച്ചപ്പോൾ, സാധാരണയായി ഇന്ത്യയിൽ ഉപയോഗിക്കാറുള്ള .com എന്ന ഡൊമെയ്ൻ അല്ല ഇതിലെന്നത് ശ്രദ്ധയിൽപ്പെട്ടു. .buzz എന്ന ഡൊമെയ്നിൽനിന്നുള്ള ലിങ്കുകളാണ് പങ്കുവയ്ക്കപ്പെടുന്നത്. പരിശോധിച്ചപ്പോൾ, ഫിഷിങ് പോലെയുള്ള തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്ന ഡൊമെയ്നുകളിൽ ഒന്നാണിത്. സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ച് ലിങ്കുകൾ പരിശോധിച്ചപ്പോൾ, ലക്കി ഡ്രോയിൽ പങ്കെടുക്കാം, വലിയ തുക സമ്മാനമായി നേടാം, സൗജന്യമായി റീചാർജ് ലഭിക്കും തുടങ്ങി ആളുകളെ കബളിപ്പിച്ച് പണവും വ്യക്തി വിവരങ്ങളും ചോർത്തിയെടുക്കാൻ നടത്തുന്ന തട്ടിപ്പ് ലിങ്കുകൾക്കു സമാനമായ എല്ലാ സ്വഭാവവും ഹെൽപ്‌ലൈനിൽ ലഭിച്ച ലിങ്കുകളിലും വ്യക്തമാണ്.
ലുലുവോ ഇന്ത്യാ പോസ്റ്റോ ഇത്തരത്തിലുള്ള പദ്ധതി നടത്തുന്നുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ, ലുലു ഹൈപ്പർമാർക്കറ്റോ ഇന്ത്യാ പോസ്റ്റോ ഇത്തരത്തിലൊരു സമ്മാന പദ്ധതി നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയില്ല. ഇതിൽനിന്ന് പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
ഇത്തരം തട്ടിപ്പുകൾ മുൻപും സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്. ലുലുവും ഇന്ത്യാ പോസ്റ്റും ഇതിനെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇവർ എന്തെങ്കിലും പദ്ധതി നടത്തുകയോ ഓഫറുകൾ നൽകുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ ഇവരുടെ ഔദ്യോഗിക സൈറ്റിൽ നൽകിയിട്ടുണ്ടാകും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു ലഭിക്കുന്ന ലിങ്കുകൾ തുറക്കുന്നതിനു മുൻപ്, യഥാർഥ്യം പരിശോധിച്ചു ഉറപ്പുവരുത്തുക.
വ്യത്യസ്ത സ്ഥാപനങ്ങളുടെ പേരിൽ സമാന തട്ടിപ്പുകൾ നിരവധി നടന്നിട്ടുണ്ട്. ആഘോഷവേളകളുടെ പേരില്‍, കമ്പനികളുടെയോ കടകളുടെയോ വാർഷികാഘോഷം പ്രമാണിച്ചുള്ള സമ്മാനങ്ങൾ (give away), ലക്കി ഡ്രോ, സ്‌ക്രാച്ച് ആൻറ് വിൻ തുടങ്ങി, സൗജന്യ മൊബൈൽ റീച്ചാർജ്/ഡേറ്റാ, ബാങ്കില്‍നിന്നു പണം സമ്മാനം നൽകുന്നു, നിശ്ചിത തുകയ്ക്കു ഭക്ഷണം ലഭിക്കും എന്നിങ്ങനെ പലവിധ ഓഫർ കെണികളുമായി ഇത്തരം ലിങ്കുകൾ സന്ദേശമായി ലഭിക്കാറുണ്ട്. പല പേരിലാണെങ്കിലും ഈ തട്ടിപ്പുകള്‍ക്കെല്ലാം ഒരേ രീതിയാണ്. വ്യക്തി വിവരങ്ങളോ ബാങ്ക് വിവരങ്ങളോ തട്ടുക എന്നതാകാം പ്രധാന ലക്ഷ്യം.ഇനി മുതൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
ലിങ്ക്– പ്രചരിക്കുന്ന ലിങ്ക്/യുആർഎൽ, ഡൊമെയ്ൻ എന്നിവ ശ്രദ്ധിക്കുക. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ, ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. യുആർഎല്ലിന്റെ അവസാന ഭാഗത്തുള്ളതാണ് യഥാർഥ ഡൊമെയ്ൻ. ഇന്ത്യയിൽ സാധാരണ .com, .in എന്നിവയും സർക്കാർ സൈറ്റുകളാണെങ്കിൽ gov.in, nic.in എന്നിവയും ഉപയോഗിക്കാറുള്ളത്.
പേജ്– ലിങ്ക് ക്ലിക്ക് ചെയ്തെന്നിരിക്കട്ടെ, ഇതിൽ കാണുന്ന ചിത്രവും, ലോഗോയും ചിലപ്പോൾ യഥാർഥത്തിലുള്ളതു തന്നെയോ സാമ്യമുള്ളതോ ആകാം. മത്സരം/ക്വിസ് എന്ന രൂപത്തിൽ 4–5 ചോദ്യങ്ങളാണുണ്ടാവുക. ഇവയ്ക്ക് സ്ഥിരം മാതൃകയാണുണ്ടാകാറുള്ളത്. ഉദാഹരണത്തിന്, ‘ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് അറിയുമോ’, ‘ഇഷ്ടമാണോ’, ‘ഞങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങാറുണ്ടോ’ തുടങ്ങിയവ. ഇതിൽ നിങ്ങൾ എന്ത് ഉത്തരം നൽകിയാലും തുടർന്നുള്ള നടപടികളിലേക്ക് നിങ്ങൾക്കെത്താൻ സാധിക്കും. കാരണം നിങ്ങളുടെ ഉത്തരമല്ല തട്ടിപ്പുകാർക്കു പ്രധാനം, അവസാനം വരെയെത്തിച്ചു വേണ്ടതെല്ലാം കൈക്കലാക്കുക എന്നതാണ്.
ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, സമയബന്ധിതമായി വിവരങ്ങൾ കൈമാറുക തുടങ്ങിയ നിർദേശങ്ങൾ അനുസരിക്കേണ്ട വിധത്തിലാകാം ഇത് തയ്യാറാക്കിയിട്ടുണ്ടാവുക. ഇതില്‍ വീഴരുത്. ചോദ്യങ്ങൾക്കു പുറമേ റിവാർഡ് ലഭിച്ച നിരവധിയാളുകളുടെ അനുഭവക്കുറിപ്പെന്ന് തോന്നിക്കുന്ന കമന്റുകള്‍ ഇത്തരം തട്ടിപ്പുകാർ പേജിൽ നൽകാറുണ്ട്. വാസ്തവമെന്തെന്നാൽ, എപ്പോൾ, എത്ര തവണ തുറന്നുനോക്കിയാലും അതിലെ കമന്റുകളോ, സമയമോ, സമ്മാനം നേടിയതായി എഴുതികാണിക്കുന്നവരുടെ എണ്ണമോ മാറില്ല. അവയിൽ ക്ലിക്ക് ചെയ്യാനും സാധിക്കില്ല.
ലിങ്ക് തുറന്നിരുന്നുവെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇന്‍സ്റ്റോളായിട്ടില്ല എന്ന് പരിശോധിക്കുക. ബാങ്കിൽനിന്നു പണം പിന്‍വലിക്കുകയോ പിൻവലിക്കാനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിലെന്തെങ്കിലുമുണ്ടായാൽ സുരക്ഷയ്ക്കുവേണ്ട നടപടികൾ കൈക്കൊള്ളുക. സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കുക.





