‘യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ല; എൻഡിഎയിൽ അതൃപ്തിയുണ്ട്, മുന്നണി മാറില്ല

0
153

തിരുവനന്തപുരം: കേരള കാമരാജ് കോണ്‍ഗ്രസ് യുഡിഎഫില്‍ അസോഷ്യേറ്റ് അംഗമാകാനില്ലെന്ന് പാർട്ടി നേതാവും വിഎസ്ഡിപി (വൈകുണ്ഠ സ്വാമി ധർമപ്രചാരണ സഭ) ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍. യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ല.

അങ്ങനെയുണ്ടെങ്കില്‍ അതു പുറത്തുവിടണമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. പി.വി.അൻവറിനും സി.കെ.ജാനുവിനും ഒപ്പം വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പ്രതികരണം. നിലവിൽ എന്‍ഡിഎ വൈസ് ചെയര്‍മാനാണ് ചന്ദ്രശേഖരന്‍. 

എന്‍ഡിഎയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും അക്കാര്യം യുഡിഎഫ് നേതാക്കളോടു വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ഘടകകക്ഷികളെ മുന്നണി മര്യാദ അനുസരിച്ച് വേണ്ടത്ര മാനിക്കാത്ത എന്‍ഡിഎയുടെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അതില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കും. എന്നാല്‍ യുഡിഎഫിൽ ചേരാൻ ഞാന്‍ അപേക്ഷ കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല. ഈ വിഷയത്തില്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാവരുമായും നല്ല ബന്ധമാണുള്ളത്. എന്‍ഡിയില്‍ തൃപ്തനാണോ എന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പല നേതാക്കളും ചോദിച്ചിരുന്നു.

തൃപ്തനല്ലെന്നു മറുപടി നല്‍കി. ഇപ്പോഴും തൃപ്തനല്ല. രാജീവ് ചന്ദ്രശേഖര്‍ വന്നതിനു ശേഷം കുറച്ചുകൂടി അംഗീകാരം ലഭിക്കുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. മറ്റൊരു മുന്നണിയിലേക്കു ചാടിപ്പോകാനുള്ള നില ഇപ്പോഴില്ല. ഏറെ വര്‍ഷമായി സ്വയംസേവകനാണ്. അതു തുടരും. പക്ഷേ എന്‍ഡിഎ ഘടകകക്ഷികളോടു കാട്ടുന്ന സമീപനം ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ബിഡിജെഎസിന് മുന്നൂറോളം സീറ്റ് കൊടുത്തിട്ട് അവര്‍ ജയിച്ചില്ലല്ലോ. വിഎസ്ഡിപിക്ക് നാലു സീറ്റാണ് നല്‍കിയത്. അവിടെ ഒന്നും ബിജെപി വോട്ട് കിട്ടിയില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.