യുഎഇയിൽ ക്രിസ്മസിന് സ്വകാര്യ മേഖലയിൽ അവധി

0
238

ദുബായ്: യുഎഇയിൽ ഔദ്യോഗിക പൊതു അവധി പട്ടികയിൽ ക്രിസ്മസ് ഇടംപിടിച്ചിട്ടില്ലെങ്കിലും സ്വകാര്യ മേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ഈ മാസം 25നും 26നും പ്രത്യേക അവധി നൽകുന്നു. കമ്പനികളുടെ ആഭ്യന്തര നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ആഗോള കലണ്ടറുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനും തിരക്കേറിയ യാത്രാ സീസണിൽ ജീവനക്കാർക്ക് കൂടുതൽ വിശ്രമം നൽകുന്നതിനും ആണ് കമ്പനികൾ മുൻഗണന നൽകുന്നത്.

പല കമ്പനികളും 25 (ക്രിസ്മസ്), 26 (ബോക്സിങ് ഡേ) തീയതികൾ അവധിയായി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് നീണ്ട വാരാന്ത്യം ആണ് ലഭിക്കുന്നത്. ഈ വർഷം ഈ ദിനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ വരുന്നതിനാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക അവധിയിൽ നിന്നും കുറഞ്ഞ ദിവസങ്ങൾ മാത്രം ഉപയോഗിച്ച് കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കും.

ഫ്ലെക്സിബിൾ അവധി രീതികൾ ചില കമ്പനികൾ ക്രിസ്മസ് ദിനത്തിൽ ഔദ്യോഗിക അവധി നൽകുന്നതിനൊപ്പം തന്നെ ഈ മാസം 15-നും ജനുവരി 7നും ഇടയിൽ മറ്റൊരു ദിവസം കൂടി ജീവനക്കാർക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നുണ്ട്. ജോലിഭാരം കൂടി പരിഗണിച്ചുകൊണ്ട് ടീം മാനേജർമാരുടെ അനുമതിയോടെ ഈ അവധി ഉപയോഗിക്കാം.

സ്ഥാപനങ്ങൾക്കും ഗുണകരം ഡിസംബറിൽ ഒരേസമയം വലിയൊരു വിഭാഗം ജീവനക്കാർ വാർഷിക അവധിക്ക് അപേക്ഷിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ നിശ്ചിത ദിവസങ്ങളിൽ പൊതുവായി അവധി നൽകുന്നത് മാനേജ്‌മെന്റിനും ഗുണകരമാണ് എന്ന് എച്ച്ആർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഓഫിസുകൾ അടച്ചിടുന്ന ദിവസങ്ങളെക്കുറിച്ച് മുൻകൂട്ടി ധാരണയുള്ളത് ക്ലയന്റുകളുമായുള്ള ആശയവിനിമയത്തിനും കൃത്യസമയത്ത് ജോലികൾ തീർക്കാനും സഹായിക്കുന്നുണ്ട്. രാജ്യാന്തര നിലവാരമുള്ള തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് യുഎഇയിലെ സ്വകാര്യ കമ്പനികളുടെ ഈ നീക്കം. ഇത് പ്രവാസികൾക്കിടയിൽ വലിയ ആശ്വാസമാണ് പകരുന്നത്.