പിലിബിത്ത്: ഉത്തർപ്രദേശിലെ പിലിബിത്തിൽ വിരമിച്ച സിഐഎസ്എഫ് സബ് ഇൻസ്പെക്ടറുടെ വീട്ടിൽ അധ്യാപകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സുഖ്‌ദേവ് സിങ് (30) ആണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിലാണ് സംഭവം നടന്നത്. പുരൺ സിങ്ങിന്റ ഭാര്യ ഗുർമീത് കൗറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്‌ക്കാൻ ഉപയോഗിച്ച റിവോൾവർ പിടിച്ചെടുത്തു.
സുഖ്‌ദേവ് സിങ്ങിന്റെ നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയിൽ തറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിൽ സുഖ്‌ദേവ് പതിവായി എത്താറുണ്ടായിരുന്നുവെന്നും അവിടെ ഐഇഎൽടിസ് കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
‘ദേഷ്യത്തിൽ സുഖ്‌ദേവ് തന്റെ റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു. ഒരു വെടിയുണ്ട എന്റെ ഭാര്യക്ക് കൊണ്ടു. അതിനുശേഷം അയാൾ സ്വയം നെഞ്ചിൽ വെടിവയ്‌ക്കുകയായിരുന്നു.’ – പുരൺ സിങ് പറഞ്ഞു. ‘തന്റെ മകളുമായി സുഖ്‌ദേവിന് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന പുരൺ സിങ്, മകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പുരൺ സിങ് എന്റെ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.’ – സുഖ്‌ദേവിന്റെ പിതാവ് ഹർജീന്ദർ സിങ് ആരോപിച്ചു.





