സ്വർണം എവിടെയെന്ന് ചോദിച്ച് മർദനം: പ്രവാസി മലയാളി യുവാവിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി, വഴിയിൽ ഉപേക്ഷിച്ചു

0
7

നെടുമ്പാശേരി: ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ ആറംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് ഫോണും ബാഗും തട്ടിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് ഷാഫിയെ(40) ആണ് അജ്ഞാത സംഘം കൊച്ചി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ശേഷം രാജ്യാന്തര ടെർമിനലിൽ നിന്ന് പ്രീപെയ്ഡ് ടാക്സി കൗണ്ടറിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നു വന്ന 3 പേർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ബലമായി കാറിൽ കയറ്റി. കാറിൽ മറ്റു 3 പേർ കൂടി ഉണ്ടായിരുന്നതായും മുഹമ്മദ് ഷാഫി പറഞ്ഞു.

ഒരു ലക്ഷം രൂപ വില വരുന്ന ഫോണും ഹാൻഡ് ബാഗും ചെക്ക്–ഇൻ ബാഗും പ്രതികൾ കൈക്കലാക്കി. തുടർന്ന് സ്വർണം എവിടെയാണെന്ന് ചോദിച്ച് മർദിച്ചു. വിവിധ സ്ഥലങ്ങളിൽ കാറിൽ കറങ്ങിയ ശേഷം രണ്ടരയോടെ ആലുവ പറവൂർ കവലയിൽ ഇറക്കി വിട്ടു. ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. യുഎഇ അജ്മാനിൽ കാസർകോട്, മലപ്പുറം സ്വദേശികൾ ചേർന്ന് നടത്തുന്ന കോഫി ഷോപ്പിൽ ഡെലിവറി ബോയ് ആയാണ് ഷാഫി ജോലി ചെയ്യുന്നത്.