പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

0
21

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നു. ഗാനരചയിതാവ് കുഞ്ഞുപ്പിള്ള ഉൾപ്പെടെ നാല് പേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുത്തു. കുഞ്ഞുപ്പിള്ളയാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തുകയും ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് കേസെടുത്തത്.എഫ്.ഐ.ആറിലെ പിഴവ് ഗാനരചയിതാവിന്റെ പേര് ജി.പി. കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) പേര് രേഖപ്പെടുത്തിയിരിക്കുന്നത് ‘കുഞ്ഞുപിള്ള’ എന്നാണ്.

മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഗാനം പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചു.

അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന രീതിയിലാണ് പാരഡി നിർമ്മിച്ചിരിക്കുന്നതെന്നും ഇത് ഭക്തമനസ്സുകളെ വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി രവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഈ പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സമിതി ചെയർമാൻ കെ. ഹരിദാസ് ആരോപിച്ചു. പരാതി നൽകിയത് സമിതിയല്ലെന്നും ചിലരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.