റിയാദ്: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് ചരിത്ര വിജയം നേടിയ റിയാദ് – മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിന്റെ വിജയം റിയാദിലെ കെ എം സി സി പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഷൗക്കത്ത് അടക്കം നിരവധി കെ എം സി സി ഭാരവാഹികളും മുന്‍ ഭാരവാഹികളും ഇത്തവണ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പ്രവാസി പോഷക സംഘടനയായ കെ എം സി സിക്ക് മാതൃ സംഘടനയായ മുസ്‌ലിം ലീഗ് നല്‍കുന്ന വലിയ പിന്തുണയായി ഇത് കണക്കാക്കപ്പെടുന്നു.

റിയാദിലെ സാമൂഹ്യ രംഗത്ത് സജീവമായ ഷൗക്കത്ത് കടമ്പോട്ട് നിലവില്‍ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ആണ്. അതോടൊപ്പം സഊദി കെ എം സി സി നാഷണല്‍ കമ്മിറ്റി കൗണ്‍സിലറുമാണ്. റിയാദ് – ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെ എം സി സി യുടെ പ്രഥമ പ്രസിഡന്റും വേങ്ങര നിയോജക മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മലപ്പുറം ജില്ല കെ എം സി സി സെക്രട്ടറി, ഒര്‍ഗനൈസിംഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ മുമ്പ് വഹിച്ചിട്ടുണ്ട്. അതിനു പുറമെ, അലിവ് ഫൗണ്ടേഷന്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹ്യൂമാനിറ്റി റിയാദ് ചാപ്റ്റര്‍ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയാണ്.
ഒതുക്കുങ്ങല്‍ പഞ്ചായത്ത് മറ്റത്തൂര്‍ സ്വദേശിയായ ഷൗക്കത്ത് കടമ്പോട്ട് റിയാദില്‍ സേഫ്റ്റി ടൂള്‍സ് മേഖലയില്‍ ബിസിനസ് ചെയ്യുകയാണ്. പിതാവ്: മൊയ്തു കടമ്പോട്ട്. മാതാവ്: ഉമ്മാത്ത.
രഹനയാണ് ഭാര്യ. റിയാദില്‍ വിദ്യാര്‍ഥികളായ ഇനയ, ഇസ് വ, ഇനാറ, ഇലിഷ എന്നിവര്‍ മക്കളാണ്.