വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
37

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാറാട് സ്വദേശികളായ അമല്‍, ശ്രീജു, ജീവന്‍, റെനീഷ്, സച്ചിന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പാനൂരില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം അക്രമം അഴിച്ചുവിട്ടത്.

ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണില്‍ ആഹ്ലാദപ്രകടനം നടന്നത്. അക്രമികള്‍ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. കല്ലേറില്‍ പോലീസ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു.

ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെ തിരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്തു. ദേഷ്യം തീരാതെ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറോടും പരിസരത്തും അക്രമം അഴിച്ചു വിട്ടു. വീടുകളില്‍ എത്തുമ്പോള്‍ മുഖം മനസിലാവാതിരിക്കാന്‍ പാര്‍ട്ടികൊടി കൊണ്ട് മുഖം മറച്ചു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു അക്രമങ്ങള്‍.

സംഭവത്തില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൊളവല്ലൂര്‍ പോലീസാണ് കേസെടുത്തത്. ഇതിനുപിന്നാലെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. രാമന്തളിയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തിലും പയ്യന്നൂരില്‍ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പോലീസിന് പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂര്‍ പോലീസ് പറഞ്ഞു.