യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫിസ് സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തു

0
154

പയ്യന്നൂർ: സിപിഎം ആഹ്ലാദ പ്രകടനം കടന്നു പോകുന്നതിനിടെ കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. കോൺഗ്രസിന്റെയും ലീഗിന്റെ കൊടികൾ നടുറോഡിലിട്ട് കത്തിച്ചു. കാറമേൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസാണ് ഇന്നലെ വൈകീട്ട് തകർത്തത്. 

അടച്ചിട്ട ഓഫിസിന്റെ ഷട്ടർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു. തുടർന്ന് അകത്ത് കയറിയ അക്രമികൾ ഓഫിസിലെ സാധനങ്ങളും നശിപ്പിച്ചു. ഓഫിസിലുണ്ടായിരുന്ന കൊടികൾ എടുത്തുകൊണ്ടുവന്ന് നടുറോഡിലിട്ട് കത്തിക്കുകയായിരുന്നു.

പയ്യന്നൂർ നഗരസഭയിൽ 16ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതാ നാരായണന്റെയും ഇതേ വാർഡിലെ ബൂത്ത് ഏജന്റും മകളുമായ ആത്മജ നാരായണന്റെയും വീടിന് മുന്നിലും സ്ഫോടക വസ്തുക്കൾ എറിഞ്ഞു. പോളിങ് ബൂത്തിൽവച്ച് ഇവർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായിരുന്നു. 50 വോട്ടിനാണ് ലത തോറ്റത്. ഇന്നലെ ഉച്ചയ്ക്ക് ലതയുടെ കണ്ടോത്തുള്ള വീടിന് നേരെ പടക്കം എറിയുകയായിരുന്നു. പിന്നാലെ രാത്രിയിൽ വലിയ തോതിൽ പടക്കങ്ങൾ എറിയുകയും ഇതിന്റെ ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയുമായിരുന്നു.