മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് കെ.ടി. ജലീല്‍. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജലീല്‍ തന്റെ ശുഭാപ്തിവിശ്വാസം പങ്കിട്ടത്.
2010-ലെ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിന്‍റെ സ്ഥിതി സമാനമായിരുന്നെന്നും എന്നാല്‍, 2011-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജലീല്‍ പറഞ്ഞു. അത്തരത്തില്‍, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയംവരിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2026-ലെ സൂര്യന്‍ ചുവക്കും! തദ്ദേശ തെരഞ്ഞെടുപ്പില്‍ LDFന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും എല്‍ഡിഎഫിന്റെ കൂടെ ഉറച്ചു നിന്നു.
ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വര്‍ഷം 2011-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ നാലയലത്ത് പോലും എത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. (2010-ലെയും 2025-ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇമേജിലെ ടേബിളില്‍ കൊടുത്തിരിക്കുന്നത്).
