ദുബായ്: ദുബായിലെ ഒരു കമ്പനിയുടെ ഓഫിസിൽ നിന്ന് 13.7 ദശലക്ഷം ദിർഹം (ഏകദേശം 1.37 കോടി ദിർഹം) കവർച്ച ചെയ്ത കേസിൽ ഏഴ് ഇത്യോപ്യൻ പൗരന്മാർ വിചാരണ നേരിടാനൊരുങ്ങുന്നു. കേസിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. കേസ് ഫയലുകൾ അനുസരിച്ച്, പ്രതികൾ ഒരു ഏകോപിത ക്രിമിനൽ സംഘമായാണ് പ്രവർത്തിച്ചത്.
സംഘത്തിലെ ചിലർ കവർച്ച നടത്തുന്നതിനായി യുഎഇ സന്ദർശക വീസയിൽ രാജ്യത്തേക്ക് വന്നപ്പോൾ ഇവിടെ താമസിക്കുന്ന മറ്റ് അംഗങ്ങൾ അവർക്ക് താമസ സൗകര്യവും ഓപ്പറേഷന് സഹായവും നൽകി.
കമ്പനിയുടെ ഓഫിസിലെ ഇരുമ്പ് ലോക്കർ തകർത്ത് ദശലക്ഷക്കണക്കിന് ദിർഹം കവർച്ച ചെയ്യപ്പെട്ടതായി കമ്പനി മാനേജ്‌മെന്റ് പരാതി നൽകിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. പ്രധാന ലോക്കറിൽ നിന്ന് 13 ദശലക്ഷം ദിർഹത്തിന് പുറമെ രണ്ടാമത്തെ ലോക്കറിൽ നിന്ന് 734,000 ദിർഹവും മോഷണം പോയിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ അഞ്ച് മുഖംമൂടി ധരിച്ച ആളുകൾ കെട്ടിടത്തിൽ പ്രവേശിക്കുകയും ഓഫിസിൽ അതിക്രമിച്ച് കയറി പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് ലോക്കറുകൾ തകർത്ത് പണവുമായി രക്ഷപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു പ്രത്യേക ഫീൽഡ് ടീമിനെ ഉടൻ വിന്യസിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്തും, പട്രോളിങ് ഏകോപിപ്പിച്ചും വാഹനങ്ങൾ ട്രാക്ക് ചെയ്തും അന്വേഷകർ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് വാഹനം തിരിച്ചറിഞ്ഞു. ഈ വാഹനം പ്രതികളിൽ ഒരാളുടെ പേരിലാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇത് മുഴുവൻ സംഘത്തെയും കണ്ടെത്താൻ സഹായിച്ചു.
മുൻകൂട്ടി ആസൂത്രണം ചെയ്ത മോഷണമാണിതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. സംഘം ടാർഗെറ്റ് കമ്പനിയെ തിരഞ്ഞെടുക്കുകയും ജീവനക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. മോഷണം വേഗത്തിലും പ്രൊഫഷണലായും നടപ്പാക്കുന്നതിനായി അവർ ജോലികൾ വീതിച്ചെടുക്കുകയും ചെയ്തു. അനൗദ്യോഗിക ചാനലുകൾ വഴി മോഷ്ടിച്ച പണം അതിവേഗം കൈമാറ്റം ചെയ്യാനും ഒളിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. കൂടാതെ, പണത്തിന്റെ ചില ഭാഗങ്ങൾ രാജ്യം വിട്ട് കടത്താനും അവർ ശ്രമിച്ചിരുന്നു. സമ്മാനത്തുകയുടെ ഓഹരി ലഭിച്ച ശേഷം യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു പ്രതിയെ പിടികൂടി. മറ്റൊരു പ്രതി തനിക്ക് ഏകദേശം 20 ലക്ഷം ദിർഹം അടങ്ങിയ ബാഗ് ലഭിച്ചുവെന്നും അറസ്റ്റിന് മുൻപ് അതിൽ ഒരു ഭാഗം കൂട്ടാളികൾക്ക് വിതരണം ചെയ്തുവെന്നും സമ്മതിച്ചു.
അതിക്രമിച്ച് കയറ്റം, ലോക്കറുകൾ തകർക്കൽ, തെളിവുകൾ മറച്ചുവയ്ക്കൽ എന്നിവയിൽ പരിചയസമ്പന്നരായ വളരെ സംഘടിതമായ ഒരു ക്രിമിനൽ ശൃംഖലയാണ് ഇവരെന്ന് പൊലീസ് പറയുന്നു. മറ്റ് വാണിജ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടും ഇവർ കൂടുതൽ മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് വിശ്വസിക്കുന്നു. നിലവിൽ പല പ്രതികളും പോലീസ് കസ്റ്റഡിയിലാണ്. മറ്റ് ചിലർക്കായുള്ള അന്വേഷണം സജീവമായി തുടരുന്നു. സംഘടിത മോഷണം, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് ഇപ്പോൾ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി, ഇവിടെ പ്രതികൾ വിചാരണ നേരിടും.





