അതിജീവിതയുടെ മൊഴിയിൽ പൊരുത്തക്കേട് ഉണ്ട്; പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി: ദിലീപിനെ കുറ്റവിമുക്തമാക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കോടതി

0
57

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തൻ ആക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് വിചാരണ കോടതിയുടെ വിധിന്യായം. അതിജീവിതയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ട്. പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ക്വട്ടേഷൻ നൽകിയത് ഒരു മാഡം ആണെന്ന സുനിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങളിൽ വിവാഹ മോതിരം ഉണ്ടെന്ന വാദം തെറ്റാണ്.

ആക്രമണത്തിന് ശേഷമാണ് വിവാഹ നിശ്ചയം നടന്നത്. ആക്രമണ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിലെ എട്ട് ഫയലുകൾ സുരക്ഷിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ 1551 പേജുള്ള വിധിന്യായം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റം തെളിഞ്ഞില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും പ്രോസിക്യൂഷനും സാധിച്ചില്ല. പൾസർ സുനിയെ ദിലീപിന് അറിയില്ലെന്ന തരത്തിലായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ അത് അങ്ങനെയല്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

പ്രതി പൾസർ സുനിക്ക് ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നതാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. കുറ്റകൃത്യത്തിന് ദിവസങ്ങൾക്കുമുമ്പ് തൃശൂർ ജോയ് പാലസ് ഹോട്ടൽ പരിസരത്തുവച്ച് ദിലീപ് സുനിക്ക് 10000 രൂപ നേരിട്ട് അഡ്വാൻസ് നൽകിയെന്നും പിന്നീട് തൊടുപുഴയിൽവച്ച് 30000 രൂപ ഏർപ്പാ‌ടാക്കിയെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇത് കോടതി തള്ളി. കേസിൽ ഡിജിറ്റൽ രേഖകൾ ദിലീപ് മായ്‌ചു എന്ന വാദത്തിനും തെളിവില്ലെന്നും, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയതിൽ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്നും കോടതി വിലയിരുത്തി.

പ്രതികൾ ജയിലിൽ നിന്ന് ദിലീപിനെ ഫോൺ വിളിച്ചെന്നായിരുന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്. എന്നാൽ ഇതിന് യാതൊരു വിധ തെളിവും നിരത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചതിനും തെളിവില്ല. ദിലീപ് പ്രതികൾക്ക് പണം നൽകി എന്നതിനും കൃത്യമായ തെളിവില്ല. തൃശൂരിലെ ടെന്നീസ് ക്ലബിൽ ദിലീപും പൾസർ സുനിയും ഒരുമിച്ച് ഉണ്ടായിരുന്നെന്നും ഇരുവരും ഫോട്ടോ എടുത്തിരുന്നു എന്നുമുള്ള വാദത്തിൽ, ഫോട്ടോയിലുള്ളത് പൾസർ സുനി ആയിരുന്നില്ലെന്ന് ഫോട്ടോ എടുത്ത വ്യക്തി പറഞ്ഞു. ഇതോടെ ആ വാദവും അസാധുവായി.