നടിയെ ആക്രമിച്ച കേസ്: വിധി ചോര്‍ന്നുവെന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

0
6

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി.

ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപനത്തിന് മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

‘ഇന്ത്യന്‍ പൗരന്‍’ എന്ന പേരിലെഴുതിയ ഊമക്കത്തിന്റെ പകര്‍പ്പ് അടക്കമാണ് അസോസിയേഷന്‍ പ്രസിഡന്റിന്റെ പരാതി. ദിലീപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന സന്ദേശം ഡിസംബര്‍ രണ്ടിന് തനിക്ക് ലഭിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ചത്. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ് സുഹൃത്തായ ഷേര്‍ളിയെക്കൊണ്ട് വിധി തയ്യാറാക്കി. ശേഷം ദിലീപിന്റെ സുഹൃത്തും പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നും ഊമക്കത്തില്‍ പരാമര്‍ശിക്കുന്നതായി പരാതിയില്‍ പറയുന്നു.

വിധി ചോര്‍ന്നുവെന്ന ആക്ഷേപം വിജിലന്‍സ് രജിസ്ട്രാറോ മറ്റൊരു ഏജന്‍സിയോ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഊമക്കത്ത് വിധിയുടെ രഹസ്യാത്മകത തകര്‍ക്കുന്നതാണെന്നും ജുഡീഷ്യറിയുടെ സല്‍പ്പേരും അഖണ്ഡതയും തകര്‍ക്കുന്നതാണെന്നും യശ്വന്ത് ഷേണായി വ്യക്തമാക്കി.