വിമാനം ഹൈവേയില്‍ അടിയന്തര ലാന്‍ഡിങ്; കാറിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്

0
4

വിമാനം ഹൈവേയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ കാറിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. ഫ്ലോറിഡയിലെ തിരക്കേറിയ ഇന്‍റര്‍സ്റ്റേറ്റ് 95 ഹൈവേയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ചെറുവിമാനമായ ബീച്ച്ക്രാഫ്റ്റ് 55 ല്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

തിരക്കേറിയ ഹൈവേയിലൂടെ പോകുകയായിരുന്ന കാറിലേക്ക് വിമാനം വന്നിടിക്കുകയായിരുന്നു. 57 വയസ് പ്രായമുള്ള സ്ത്രീയാണ് വാഹനമോടിച്ചിരുന്നത്. ഇവരും പൈലറ്റുമാരും നിസാര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പിന്നാലെ കാറിലെത്തിയവരാണ് വിവരം എമര്‍ജന്‍സി സര്‍വീസില്‍ അറിയിച്ചത്. വിമാനം കാറില്‍ വന്നിടിക്കുകയും റോഡില്‍ തീപ്പൊരി ചിതറുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. കാറില്‍ ഇടിച്ച വിമാനം കുത്തിപ്പൊങ്ങി കുറച്ച് കൂടി മുന്നിലേക്ക് നീങ്ങി നില്‍ക്കുകയായിരുന്നു. ഹൈവേയില്‍ മൂക്കുംകുത്തിക്കിടക്കുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. 

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വിമാന ഇന്ധനം റോഡില്‍ പരക്കുകയോ മറ്റ് അപകടം സംഭവിക്കുകയോ ഉണ്ടായില്ല. അതേസമയം, വിമാനം അടിയന്തര ലാന്‍ഡിങ് നടത്താനുള്ള കൃത്യമായ കാരണം വ്യക്തമല്ലെന്നും ഇന്ധനം തീര്‍ന്നതാവാം കാരണമെന്നും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.