ലണ്ടൻ: സ്കോട്‌ലൻഡിൽ കെയർ ഹോമിൽ വച്ച് സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ട മലയാളി യുവാവിനെ ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്ത് തിരികെ എത്തിച്ച് ജയിലിൽ അടച്ച് ബ്രിട്ടൻ. നൈജിൽ പോൾ (47) എന്ന മലയാളി മെയിൽ നഴ്സിനെയാണ് തിങ്കളാഴ്ച സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോ കോടതി ഏഴ് വർഷവും ഒൻപത് മാസവും കഠിന തടവിന് ശിക്ഷിച്ചത്.
ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. സ്കോട്‌ലൻഡിലെ ഹാമിൽട്ടണിൽ നൈജിൽ മാനേജരായിരുന്ന കെയർ ഹോമിലെ യുവതികളായ മൂന്ന് ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ രോഗിയായ പിതാവിനെ സംരക്ഷിക്കാനെന്ന പേരിൽ നാട്ടിലേക്ക് മുങ്ങിയ ഇയാളെ ആറ് വർഷങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിൽ അടച്ചത്. ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ് നൈജിൽ.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയായ ഒരു ജീവനക്കാരിയെ നൈജിൽ പീഡിപ്പിക്കുകയും മറ്റു രണ്ട് ജീവനക്കാരികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. 2019ൽ ഈ കേസിൽ വിചാരണ തുടങ്ങും മുൻപാണ് ഇയാൾ ബ്രിട്ടൻ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ഒരു തവണ കോടതിയിൽ ഹാജരായ ഇയാൾ 2019 ഡിസംബർ നാലിന് വീണ്ടും കോടതിയിൽ ഹാജരാകേണ്ടിയിരുന്ന ദിവസം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ആരംഭിച്ചത്.
ഗ്ലാസ്ഗോ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചു. ഇന്റർപോളിന്റെ സഹായത്തോടെയും നയതന്ത്ര ഇടപെടലിലൂടെയുമാണ് ഇയാളെ തിരികെ ബ്രിട്ടനിൽ എത്തിക്കാനായത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണ് നൈജിൽ ചെയ്തതെന്നും യുവതികളായ സ്ത്രീകൾക്ക് ഇയാൾ ഭീഷണിയാണെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവിനു ശേഷവും സെക്സ് ഒഫന്റർമാരുടെ ലിസ്റ്റിൽ (ലൈംഗിക കുറ്റവാളി) ഇയാളുടെ പേര് രേഖപ്പെടുത്തണമെന്നും ഒരു കാരണവശാലും അതിജീവിതകളുടെ അടുത്തേക്ക് പോകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രണവ് ജോഷിയാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 26 വയസ്സ് പ്രായമുള്ള യുവതിയാണ് പീഡനത്തിനിരയായത്. 2018 ഏപ്രിലിൽ ഇവർ ഓഫിസിൽ തനിച്ചായിരുന്ന സമയത്ത് ഇവരുടെ അടുത്തേക്ക് വന്നയാൾ, അധികകാലം അവധിയെടുത്തത് കാരണം ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് തനിക്കറിയാമെന്നും കുട്ടികളോടൊപ്പം താമസിക്കുന്ന വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഇയാൾ പറഞ്ഞു.
‘ഞാൻ പറയുന്നത് ചെയ്യൂ, എങ്കിൽ ജോലി സുരക്ഷിതമായിരിക്കും’ എന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചാൽ കുട്ടികൾ ഭവനരഹിതരാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ ജോലി സുരക്ഷിതമാകില്ലെന്ന് പറഞ്ഞ് അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, 19 വയസ്സുള്ള ഒരു കെയർ അസിസ്റ്റന്റിന്റെ ഇടുപ്പിൽ കൈവെച്ച് ഇയാൾ ചുംബിക്കാൻ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. 21 വയസ്സുള്ള മറ്റൊരു കെയർ അസിസ്റ്റന്റിനെയും ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് പരാതി ഉയർന്നു. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും അതിജീവിതകളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് ജഡ്ജി ലോർഡ് റെനൂച്ചി നിരീക്ഷിച്ചു.
