നിർണായക പദ്ധതികൾക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം: നഗരാസൂത്രണം, ഭവനം, ഡിജിറ്റൽവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ നയങ്ങൾ

0
5

ദുബായ്: നഗരാസൂത്രണം, ഭവനം, ഡിജിറ്റൽവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാനമായ നയങ്ങൾക്കും തന്ത്രപരമായ മാതൃകകൾക്കും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘കുടുംബ വർഷ’ത്തിനും ‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാനം’ എന്ന മുദ്രാവാക്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ ‘ദുബായ് സോഷ്യൽ അജണ്ട 33’ നും അനുസൃതമായാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ദുബായിയുടെ നഗരവികസനത്തിൽ പൗരൻമാരുടെ ക്ഷേമത്തിനും കുടുംബ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന പുതിയ റസിഡൻഷ്യൽ ഏരിയ പ്ലാനിങ് മോഡൽ, ഡിജിറ്റൽ റെസിലിയൻസ് പോളിസി, എക്സിക്യൂട്ടീവ് കൗൺസിലിന്റെ 2026ലെ പൊതു അജണ്ട എന്നിവ ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

∙ പൗരന്മാർക്കായി നൂതന ഭവന മാതൃക
ദുബായ് സോഷ്യൽ അജണ്ട 33-നും ദുബായ് അർബൻ പ്ലാൻ 2040-നും പിന്തുണ നൽകുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ഭവനങ്ങളും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന പൗരന്മാരുടെ റെസിഡൻഷ്യൽ ഏരിയകൾക്കായുള്ള പുതിയ പ്ലാനിങ് മോഡൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചു. സാമൂഹികമായി ബന്ധിപ്പിച്ചതും സജീവവുമായ ‘ഫരീജ്’ (പരമ്പരാഗത സാമൂഹിക കൂട്ടായ്മ) പോലുള്ള സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ മാതൃക ഊന്നൽ നൽകുന്നത്. താമസകേന്ദ്രങ്ങളെ സേവന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന തണലുള്ള നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കും. പാർക്കുകളും തുറന്ന ഇടങ്ങളും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സജീവ കേന്ദ്രങ്ങളായി മാറും.

∙ പച്ചപ്പും സൈക്കിൾ പാതകളും
മദീനത്ത് ലത്തീഫിലും അൽ യലായിസിലുമായി 152 പുതിയ പാർക്കുകൾ പദ്ധതിയുടെ ഭാഗമായി കൂട്ടിച്ചേർക്കും. ഏറ്റവും അടുത്തുള്ള പാർക്കിലേക്ക് 150 മീറ്റർ മാത്രം നടന്നാൽ എത്താനാകുന്ന ദൂരപരിധി ഉറപ്പാക്കും. 33 കിലോമീറ്ററിലേറെ സൈക്കിൾ പാതകളും വിവിധ സൗകര്യങ്ങളുള്ള സെൻട്രൽ പാർക്കുകളും നിർമിക്കും. കമ്യൂണിറ്റി മജ്‌ലിസുകളും വിവാഹ ഹാളുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഇത് ’20 മിനിറ്റ് സിറ്റി’ എന്ന ആശയത്തെ പിന്തുണയ്ക്കുന്നു.