ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിച്ചുവയ്ക്കുന്നത് നിരോധിക്കാനൊരുങ്ങി യുഐഡിഎഐ. ഹോട്ടലുകളിലും ഈവന്റ് സംഘാടകരുമടക്കം ആധാറിന്റെ കോപ്പി ചോദിക്കുന്നതും അത് എടുത്ത് സൂക്ഷിച്ചു വയ്ക്കുന്നതും തടയുന്നതിനായാണ് നടപടി.
ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വേരിഫിക്കേഷന്‍ ചെയ്യുന്നതിന് പുതിയ നിയമം കൊണ്ടു വരാനൊരുങ്ങുകയാണ് യുഐഡിഎഐ എന്നാണ് മനസിലാക്കുന്നത്. അതിനുള്ള അനുമതി അധകൃതര്‍ നല്‍കിയതായും സിഇഒ ഭുവനേഷ് കുമാര്‍ പറഞ്ഞു.
ഹോട്ടലുകള്‍ക്കും സംഘാടകര്‍ക്കും സിസ്റ്റത്തിനകത്ത് തന്നെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫേരിഫിക്കേഷന്‍ സാങ്കേതിക വിദ്യ കൊണ്ടു വരാനാണ് ആലോചിക്കുന്നത്.
ക്യു ആര്‍ കോഡ് സ്‌കാനിങ്ങിലൂടെയോ പുതുതായി വികസിപ്പിക്കുന്ന ആധാര്‍ മൊബൈല്‍ ആപ്പിലൂടെയോ വേരിഫിക്കേഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് മാറ്റം കൊണ്ടു വരുന്നത്. പേപ്പര്‍ അടിസ്ഥാനമാക്കി ആധാറിന്റെ കോപ്പി എടുത്ത് സൂക്ഷിക്കുന്ന നടപടി നിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിനൊരുങ്ങുന്നതെന്ന് ഭുവനേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു.
പുതിയ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ അധികാരികള്‍ അറിയിക്കുമെന്നും ഭുവനേഷ് കുമാര്‍ പറഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യത നിലനിര്‍ത്തുകയും ദുരുപയോഗത്തിനായി അവരുടെ ഡാറ്റ ചോര്‍ന്നു പോകാനുള്ള സാധ്യത ഇതുവഴി ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
