അബുദാബി: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 10.39 ലക്ഷം വനിതകളിൽ 45.4 ശതമാനവും വിദഗ്ധ ജോലിക്കാരാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇതിൽ 16.6% നേതൃസ്ഥാനങ്ങളിലുണ്ട്. തൊഴിൽ വിപണിയിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിൽ 35.8% സ്വകാര്യമേഖലാ സ്ഥാപനങ്ങളും വനിതകൾക്ക് ജോലി നൽകിയിരുന്നു. തൊഴിൽ വിപണിയിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകുന്നതിനും ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇതിന്റെ ഭാഗമായി ജോലിസ്ഥലത്ത് ലിംഗ വിവേചനം കർശനമായി നിരോധിച്ചു. തൊഴിൽ വിപണിയിൽ കൂടുതൽ വനിതാ പങ്കാളിത്തം സജീവമാക്കുകയും ചെയ്യുന്നു. 72,000ത്തിലേറെ സ്ത്രീകൾ മാനേജ്‌മെന്റ് തസ്തികകളിലോ കമ്പനികളുടെ തലപ്പത്തോ സേവനമനുഷ്ഠിക്കുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 33.8% വർധന. ആരോഗ്യപരിപാലന മേഖലയിലെ ജോലികളിൽ 64.05% വും വിദ്യാഭ്യാസ മേഖലാ തസ്തികകളിൽ 16.61% പേരും വനിതകളാണ്. വിവേചനമില്ലാതെ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുകയും ചെയ്തുവരുന്നു. രാത്രികാല ജോലികളിലും ഖനനം, നിർമാണം തുടങ്ങിയ കഠിനാധ്വാനം ആവശ്യമുള്ള മേഖലകളിലും സ്ത്രീകൾക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.
ഗർഭകാല വിവേചനവും പാടില്ലെന്ന് കർശന നിർദേശമുണ്ട്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തുല്യ അവസരങ്ങൾ നൽകുന്നതിനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമാണ് നിയമം കർശനമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.





