ജിദ്ദ: യാമ്പു തീരദേശത്തും മറ്റ് സൗദി പ്രവിശ്യകളിലും തുടരുന്ന പേമാരിയും കൊടുങ്കാറ്റും വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കി. നിരവധി കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ തകര്‍ന്നു വീഴുകയും സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു.
തകര്‍ന്നുവീഴുന്ന കെട്ടിടഭാഗങ്ങളുടെയും, ചില്ലു വാതിലുകള്‍ തകര്‍ന്ന് വെള്ളം ഇരച്ചെത്തുന്ന കോഫി ഷോപ്പില്‍ കുട്ടികള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് സൗദിയിലെ വിവിധ പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഡിസംബര്‍ 9, ചൊവ്വ) അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ്, മക്ക, യാമ്പു, മഹ്ഗൂഫ്, ഖമര്‍, വാദി അല്‍ നഹ്, ബദര്‍, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍പെട്ട അറാര്‍, റാഹിം, എന്നിവിടങ്ങളഇലും സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ സംബന്ധിച്ച ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
അവധി പ്രഖ്യാപിച്ചതോടെ എല്ലാ വിദ്യാര്‍ത്ഥികളും ജീവനക്കാരും ‘വിദൂര്‍’ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജിദ്ദ ഉള്‍പ്പെടെ 12 പ്രവിശ്യകളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജിദ്ദ, റാബിഗ്, അഫ്സാനീം, അസീര്‍, അല്‍ ബാഹ, മക്ക, തബൂക്ക്, ജിസാന്‍, അല്‍ ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍ തുടങ്ങിയ മേഖലകളില്‍ അടുത്ത വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാനാണ് സാധ്യത.





