വൈറസ് ബാധിതരുടെ എണ്ണം പെരുകുന്നു: രോഗികളെക്കൊണ്ടു നിറഞ്ഞ് ആശുപത്രികൾ

0
39

ലണ്ടൻ: ബ്രിട്ടനിലെങ്ങും ഫ്ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധർ.

അതിവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് രാജ്യത്തെങ്ങും പടരുന്നത്. സൂപ്പർ ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ (എച്ച-3, എൻ-2) ആണ് ഏറ്റവും അധികം റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ദിവസവും ചികിൽസ തേടിയെത്തുന്ന പതിനായിരങ്ങളെക്കൊണ്ട് എൻഎച്ച്എസ് ആശുപത്രികൾ കടുത്ത സമ്മർദത്തിലാണ്.

കഴിഞ്ഞയാഴ്ച രാജ്യത്തെ ഓരോ എൻഎച്ച്എസ് ആശുപത്രിയിലും ശരാശരി 1,700 രോഗികൾ ഫ്ലൂ ബാധിച്ച് ചികിൽസതേടിയെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ചികിൽസതേടിയെത്തുന്ന പ്രായമായവരുടെ  ചികിൽസ ഉറപ്പുവരുത്തി, ജീവൻ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന്  ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫിസർ സർ ക്രിസ് വിറ്റി മുന്നറിയിപ്പു നൽകി.

ചെറിയ ചുമയും ജലദോഷമുമായി എമർജൻസി കെയറിലേക്ക് ഓടിയെത്തി ആശുപത്രികളുടെ പ്രവർത്തനം തടയപ്പെടുത്താതിരിക്കാനും ആളുകൾ ശ്രദ്ധിക്കണമെന്ന് എൻഎച്ച്എസ് അധികൃതരുടെ അഭ്യർഥനയുണ്ട്. കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള 200,000 എ ആൻഡ് ഇ വിസിറ്റുകൾ ജിപിയിലൂടെയോ ഹെൽപ്ലൈൻ നമ്പരിലൂടെയോ ഫാർമസി കൗണ്ടർ വഴിയോ പരിഹരിക്കാവുന്നവ ആയിരുന്നു എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ എ ആൻഡ് ഇയുടെ നിർണായകമായ സമയവും സൗകര്യങ്ങളും ആരോഗ്യപ്രവർത്തകരുടെ നൈപുണ്യവും ദുരുപയോഗപ്പെടുത്തുന്നതാണ് ആരോഗ്യമേഖലയുടെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും വിമർശനമുണ്ട്. ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ നട്ടംതിരിയുന്ന എൻഎച്ച്എസിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ അടുത്തയാഴ്ച ജൂനിയർ ഡോക്ടമാരുടെ സമരവുമുണ്ട്. ശമ്പള വർധനയാവശ്യപ്പെട്ട് 17 മുതൽ അഞ്ചുദിവസത്തെ മറ്റൊരു വാക്കൗട്ട് സമരത്തിന് തയാറെടുക്കുകയാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ.