വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ

0
146

പൊന്നാനി: പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ. ഒരു മാസംമുൻപ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസിന്അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയായിരുന്നു.

തുടർന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിനെ(39) ദിവസങ്ങളോളം രഹസ്യ നിരീക്ഷണത്തിലാക്കി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ പൊളിഞ്ഞത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ സാമ്രാജ്യം.

ഇർഷാദ് നടത്തി വരുന്ന പൊന്നാനി സി വി ജംഗ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കൊറിയർ വഴി വിതരണത്തിനായി എത്തിയ സംസഥാനത്തിനു പുറത്തുള്ള വിവിധ യുണിവേഴ്സിറ്റികളുടെ 100 ഓളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു .തുടർന്ന് ഇർഷാദിനെയും വിതരണത്തിനായി വേണ്ട സഹായങ്ങൾ നൽകിയ പുറത്തൂർ നമ്പ്യാരത്ത് വീട്ടിൽ രാഹുൽ (30 ), തിരൂർ പയ്യാരങ്ങാടി ചാലു പറമ്പിൽ വീട്ടിൽ നിസ്സാർ (31 ) എന്നിവരെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു .

മാർക്ക് ലിസ്റ്റുകൾ,കോൺടാക്ട് സർട്ടിഫിക്കറ്റുകൾ ,ഡിഗ്രി സർട്ടിഫിക്കറ്റുകൾ ,വിവിധ പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ, റെക്കമെൻ്റ്ഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്ത്. കഴിഞ്ഞ നവംബർ പതിനൊന്നാം തീയതി പൊന്നാനി പോലീസ് പിടികൂടി പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.

ഈ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മണകോഡ് സ്വദേശിയായ ജസീം മൻസിലിൽ ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു തരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചത് . ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ ജസീം കോട്ടയം ,തെങ്കാശി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും തുടർന്ന് ബാംഗ്ലൂരിലേക്ക് കടക്കുകയും ചെയ്‌തിരുന്നു.

വിപുലമായ അന്വേഷണങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒളി സങ്കേതത്തിൽ നിന്നും പൊന്നാനി പോലീസ് ജസീമിനെ പിടികൂടി. ചോദ്യം ചെയ്തതിൽ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നത് സംഘത്തലവനായ ഡാനി എന്ന ആൾ ആണ് എന്ന സൂചന ലഭിച്ചു. എന്നാൽ വാടക അകൗണ്ടുകളും വാടക സിം കാർഡുകളും ഉപയോഗിച്ച് തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടി ഡാനി ആർക്കും തന്റെ യഥാർത്ഥ ചിത്രമോ മെൽവിലാസമോ നൽകിയിരുന്നില്ല.

മറ്റു പ്രതികളിൽ നിന്നും ഡാനി മലയാളിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കൊറിയർ സർവീസുകളും ബാങ്ക് അകൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതിൽ തമിഴ്നാട് പൊള്ളാച്ചിയിൽ വീടു വാടകയ്ക്ക് എടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം പോലീസ് കണ്ടെത്തി. .

പോലീസ് പ്രെസ്സിൽ റെയ്ഡ് ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ പ്രിന്റിങ് നടക്കുകയായിരുന്നു. പൊള്ളാച്ചിയിലെ വാടക വീട് റെയ്ഡ് ചെയ്തതിൽ നിന്നും കെട്ടുകണക്കിന് മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ പ്രിൻ്റ് ചെയ്തു വിപണിയിലേക്ക് നൽകാനായി തയ്യാറാക്കി വെച്ചത് ശിവകാശിയിൽ എത്തി പൊന്നാനി പോലീസ് പിടിച്ചെടുത്തു.

ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനുള്ള വിവിധ യൂണിവേഴ്സിറ്റി കളുടേ മുദ്രയോട് കൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും വിവിധ യൂണിവേഴ്സിറ്റികളുടെ ഹോളോ ഗ്രാമം സീലുകളും വൈസ് ചാൻസിലർ സീലുകളും അത്യാധുനിക രീതിയിൽ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും പോലീസ് റൈഡിനിടയിൽ പിടിച്ചെടുത്തു. പ്രെസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഡാനി എന്ന വ്യാജ പേരിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കതറയിൽ ധനീഷ് (37)എന്ന യാളാണ് എന്ന് പൊലീസിന് സൂചന ലഭിച്ചത് .