കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി തിങ്കളാഴ്ച അറിയാം. പ്രേക്ഷകർ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതി ചേർക്കപ്പെട്ടതോടെയാണ് നടിയെ ആക്രമിച്ച കേസ് കൂടുതൽ ചർച്ചയായത്.
കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കേസിൽ ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17-ന് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒന്നാം പ്രതി പൾസർ സുനിയും സംഘവും വാഹനാപകടം സൃഷ്ടിച്ച് നടിയുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇടപ്പള്ളി, കാക്കനാട് ഭാഗത്തേക്ക്, വാഹനം വഴി തിരിച്ചുവിടുകയും ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഏപ്രിൽ 18 ന് തന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 2013 ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ സിനിമാ പ്രവർത്തകർ സംഘടിപ്പിച്ച കൂട്ടായ്മയിൽ നടിയും ദിലീപിൻ്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ നടത്തിയ ഗൂഢാലോചനാ പരാമർശത്തിലാണ് കേസന്വേഷണത്തിൻ്റെ ദിശമാറുന്നത്. ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് കേസിൻ്റെ ഭാഗമാക്കാതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നൽകി. 2017 ജൂൺ 28 ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു. ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി പൊലീസ് കണ്ടെത്തി. ഇതോടെ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി.85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ചതോടെ ദിലീപ് പുറത്തിറങ്ങി.
