മദീന: മസ്‌ജിദുന്നബവി റൗദ ശരീഫ് സിയാറത്ത് പെർമിറ്റ് വ്യവസ്ഥയിൽ മാറ്റം വരുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇനി മുതൽ 565 ദിവസത്തിൽ ഒരിക്കൽ മാത്രമാണ് നുസുക് പ്ലാറ്റ്ഫോം വഴി റൗദ ശരീഫ് സന്ദർശനത്തിന് വിശ്വാസികൾക്ക് പെർമിറ്റ് അനുവദിക്കുക. ഇതുവരെ 365 ദിവസത്തിൽ ഒരിക്കൽ എന്ന തോതിലാണ് പെർമിറ്റ് അനുവദിച്ചിരുന്നത്. ഇനി മുതൽ ഒരു തവണ പെർമിറ്റ് നേടി വീണ്ടും നുസുക് പ്ലാറ്റ്ഫോം വഴി പെർമിറ്റ് ലഭിക്കാൻ 565 ദിവസം കാത്തിരിക്കേണ്ടിവരും.
ഇതിനു പുറമെ, മസ്‌ജിദുന്നബവിക്കു സമീപത്തുള്ള വിശ്വാസികൾക്ക് ഇൻസ്റ്റന്റ് ട്രാക്ക് വഴി തൽക്ഷണം പെർമിറ്റ് ലഭിക്കും. നുസുക് പ്ലാറ്റ്ഫോം വഴി അനുവദിച്ച പെർമിറ്റ് അനുസരിച്ച് വിശ്വാസികൾ കൃത്യസമയത്ത് സിയാറത്തിന് എത്തിച്ചേരാത്തത് അടക്കമുള്ള കാരണങ്ങളാൽ റൗദ ശരീഫിൽ ലഭ്യമാകുന്ന ഒഴിവിനനുസരിച്ചാണ് ഇൻസ്റ്റന്റ് ട്രാക്ക് വഴി പെർമിറ്റ് ലഭിക്കുക. ഇത് എന്ന്, എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി അറിയാനും കണക്കാക്കാനും കഴിയില്ല.
ഇൻസ്റ്റന്റ് ട്രാക്ക് വഴി നിരന്തം പെർമിറ്റിന് ശ്രമിക്കുന്നവർക്ക് റൗദ ശരീഫിൽ ലഭ്യമാകുന്ന ഒഴിവിനനുസരിച്ച് പെർമിറ്റ് അനുവദിക്കുകയാണ് ചെയ്യുക. റൗദ ശരീഫിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ക്രമീകരിക്കാനും തിക്കുംതിരക്കും കുറക്കാനും എളുപ്പത്തിലും സമാധാനത്തോടെയും സിയാറത്ത് നടത്താൻ വിശ്വാസികൾക്ക് അവസരമൊരുക്കാനും ശ്രമിച്ചാണ് റൗദ ശരീഫ് സിയാറത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.





