ജാമ്യഹർജി തള്ളിയാൽ ഉടൻ തീരുമാനം; മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം

0
82

തിരുവനന്തപുരം: എഐസിസി അധ്യക്ഷനടക്കം പുതിയ പരാതിലഭിച്ച സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കൂടിയാലോചന നടത്തിയിരുന്നു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം. ഹസൻ എന്നിവരോടെല്ലാം അഭിപ്രായം തേടി. പുറത്താക്കണമെന്നാണ് നേതാക്കൾ അറിയിച്ചത്. ഇതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിർദേശം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വേണുഗോപാൽ അറിയിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ സണ്ണി ജോസഫും നേതാക്കളുമായി കൂടിയാലോചന നടത്തി. രാഹുൽ ചെയ്തതിന്റെ പാപഭാരം പേറുകയും പഴികേൾക്കുകയും ചെയ്യേണ്ട ആവശ്യം കോൺഗ്രസിനില്ലെന്ന അഭിപ്രായമാണ് എല്ലാ നേതാക്കളും പങ്കുവെച്ചത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ഉടനെ നടപടി പ്രഖ്യാപിക്കും. ജാമ്യാപേക്ഷയിൽ കോടതി തീരുമാനംവരുംവരെ കാത്തിരിക്കണോയെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി ദീപാ ദാസ്‌മുൻഷിയും, രാഹുലിനെതിരേ കർശനനടപടി വേണമെന്ന നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണത്തിന്റെ പേരിൽ പാർട്ടി ചോദ്യങ്ങൾ നേരിടുന്ന സ്ഥിതിയുണ്ടാകരുതെന്ന അഭിപ്രായം അവർ സണ്ണി ജോസഫിനെ അറിയിച്ചിട്ടുണ്ട്.

ജാമ്യാപേക്ഷ കോടതി തള്ളിയാൽ കുറ്റം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിക്കുന്നതിന് തുല്യമാണ്. അത് സംഘടനാനടപടി സ്വീകരിക്കുന്ന കാര്യത്തിലും ഉചിതമായ ഒരു സാഹചര്യമാണെന്ന അഭിപ്രായം എല്ലാവരും അംഗീകരിക്കുകയാണ് ചെയ്തത്. ആരോപണം വന്നപ്പോൾ പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ്‌ചെയ്തതാണ്. കെപിസിസിക്ക് ലഭിച്ച പരാതി ഉടനടി പോലീസിന് കൈമാറിയത് കോൺഗ്രസ് രാഹുലിനൊപ്പമില്ലെന്ന് ഉറപ്പിക്കുന്ന നടപടിയായി. പുറത്താക്കുന്നതോടെയേ അത് പൂർത്തിയാകൂവെന്നാണ് നേതാക്കൾ അറിയിച്ചത്.

രാഹുലിനെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ചശേഷം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുമളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.