അബുദാബി: മൂന്ന് മാസത്തോളം കോമയിൽ കഴിഞ്ഞ യുഎഇയിലെ പ്രവാസി യുവതി കണ്ണ് തുറന്നപ്പോൾ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത. തളർന്ന ശരീരവുമായും സംസാരശേഷി നഷ്ടപ്പെട്ട നിലയിലുമാണ് ഉണർന്നതെങ്കിലും, താൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്ന വിവരം അറിഞ്ഞപ്പോൾ അതായിരുന്നു ‘ഏറ്റവും സന്തോഷകരമായ വെളിപ്പെടുത്തൽ’ എന്ന് ആ സ്ത്രീ പറയുന്നു. ‘മരണത്തിനും ജീവിതത്തിനും ഇടയിൽ’ കഴിഞ്ഞ മാസങ്ങൾക്കൊടുവിലായിരുന്നു ഈ അദ്ഭുതകരമായ തിരിച്ചുവരവ്.
അബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ ചികിത്സയിലായിരുന്ന അമൽ ഒസ്മാൻൻ എന്ന 40-കാരിയാണ് അപൂർവമായ അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ആവർത്തിച്ചുള്ള അവയവങ്ങളുടെ തകരാറുകൾ, അടിയന്തര ശസ്ത്രക്രിയകൾ, ലോകത്ത് തന്നെ രേഖപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌മോ ചികിത്സാ കേസുകളിലൊന്ന് എന്നിവയെ അതിജീവിച്ചാണ് അമൽ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
ഗർഭിണിയായിരിക്കെ ഉംറയ്ക്ക് പോയപ്പോഴാണ് അജ്മാൻ നിവാസിയായ അമലിന്റെ ദുരിതം ആരംഭിക്കുന്നത്. ഉംറയിലായിരുന്നപ്പോൾ എനിക്ക് ഒരു നേരിയ ചുമയുണ്ടായിരുന്നത് ഓർക്കുന്നു. അടുത്ത ദിവസം ചുമ രൂക്ഷമായി, പിന്നാലെ കനത്ത പനി വന്നു. പിന്നീട് വെളിച്ചം അണഞ്ഞതുപോലെ, ഞാൻ ദീർഘകാലത്തേക്ക് ബോധരഹിതയായി. മാസങ്ങൾക്ക് ശേഷം ബോധം വീണ്ടെടുത്തപ്പോൾ ചുറ്റും അപരിചിതമായ ഉപകരണങ്ങളാണ് കണ്ടത്. പരിചിതമല്ലാത്ത ആളുകളും ഉപകരണങ്ങളും കണ്ട് ഞാൻ ഉണർന്നു. ട്യൂബുകളും മോണിറ്ററുകളും നിറഞ്ഞിരുന്നു മുറിയിൽ. എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. ചലിക്കാൻ കഴിഞ്ഞില്ല. അതൊരു അപരിചിത സ്ഥലത്ത് അകപ്പെട്ടതുപോലെ വിചിത്രമായിരുന്നു. കുടുംബാംഗങ്ങളും ജീവനക്കാരും തന്നോട് സ്നേഹത്തോടെയും സുരക്ഷിതയാണെന്നും പറഞ്ഞത് അവർ ഓർക്കുന്നു. താൻ ആശുപത്രിയിൽ എത്തിയത് എങ്ങനെയെന്നോ മാസങ്ങൾക്കുമുൻപ് പ്രസവിച്ചുവെന്നോ തുടക്കത്തിൽ അവർക്ക് മനസ്സിലായില്ല.
അമലിന്റെ ഭർത്താവാണ് ഈ സന്തോഷവാർത്ത വളരെ പതുക്കെ അറിയിച്ചത്. ഞാൻ മൂന്ന് മാസമായി കോമയിലായിരുന്നുവെന്ന് ഭർത്താവ് വന്ന് പറഞ്ഞു. കോമയിലായിരുന്ന അവസ്ഥയെ ‘അനന്തമായ, വെളിച്ചമില്ലാത്ത ഒരിടത്ത് നഷ്ടപ്പെട്ടതുപോലെ’ എന്നാണ് അവർ വിശേഷിപ്പിച്ചത്. രണ്ടാമത്തെ സന്ദർശനത്തിൽ ഭർത്താവ് പറഞ്ഞു: നമ്മുടെ കുട്ടികൾ സുഖമായിരിക്കുന്നു, നമുക്ക് ഇപ്പോൾ നാലര മാസം പ്രായമുള്ള ഒരു മകളുണ്ട്. ഇതാണ് അവളുടെ ചിത്രം. അതായിരുന്നു പ്രതീക്ഷയുടെ തുടക്കം. എന്റെ മകൾ ഈ ലോകത്തേക്ക് നേരത്തെ വരാൻ ദൈവം എഴുതിയതുകൊണ്ട് എന്റെ ജീവിതം തുടരും എന്ന് എനിക്ക് തോന്നി.
∙ കോമയിലിരിക്കെ കണ്ടു, ഭർത്താവ് വീടു മാറുന്ന കാഴ്ചകൾ!
കോമയിലായിരിക്കുമ്പോൾ തനിക്ക് ചില ദൃശ്യങ്ങൾ ലഭിച്ചുവെന്ന് അമൽ പറയുന്നു. ഭർത്താവ് ഒരു പുതിയ വീട്ടിലേക്ക് മാറുന്നതാണ് അതിലൊന്ന്. യഥാർഥ ജീവിതത്തിൽ ഇത് സംഭവിക്കുന്നുണ്ടെന്ന് അവർക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഫർണിച്ചറുകൾ മാറ്റുന്നതും മുറികൾ മാറുന്നതും ഞാൻ കണ്ടു. ഉണർന്നപ്പോൾ അദ്ദേഹം വീട് മാറിയെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി, ഞാൻ അതെല്ലാം കണ്ടിരുന്നു.
അമലിനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നതനുസരിച്ച്, ഗുരുതരമായ ഇൻഫ്ലുവൻസയെ തുടർന്ന് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രോം (എആർഡിഎസ്) ആയി മാറിയതാണ് രോഗം മൂർച്ഛിക്കാൻ കാരണം. ഇത് നെഞ്ചിൽ വായുവും രക്തവും അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചു. ഇതൊരു സങ്കീർണമായ കഥയായിരുന്നുവെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ക്രിട്ടിക്കൽ കെയർ ഫിസിഷ്യനായ ഡോ. ഫാദി ഹമീദ് പറഞ്ഞു. ഗുരുതരമായ ഇൻഫ്ലുവൻസ മൂലമാണ് യുവതിക്ക് കടുത്ത രോഗം പിടിപെട്ടത്. തോറാസിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ അമലിന് ആവശ്യമായിരുന്നു. അവർക്ക് എആർഡിഎസ്, ഹെമോതോറാക്സ്, ന്യൂമോതോറാക്സ് (നെഞ്ചിൽ രക്തവും വായുവും അടിഞ്ഞുകൂടുന്നത്) എന്നിവയുണ്ടായിരുന്നതിനാൽ അതീവ ഗുരുതരമായ ഓപ്പറേഷനുകളായിരുന്നു.
ശ്വാസകോശ സംബന്ധമായ തകരാറുകളിൽ വിദഗ്ധനായ ഡോ. ഇഹാബ് അഹമ്മദ്, അമലിനെ എക്‌സ്‌മോ ചികിത്സയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. ശരീരത്തിന് പുറത്ത് പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് എക്‌സ്‌മോ. ക്ലീവ്‌ലാൻഡ് ക്ലിനിക്കിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌മോ ചികിത്സാ കേസുകളിൽ ഒന്നായിരുന്നു ഇത്. 324 ദിവസമാണ് അവർ എക്‌സ്‌മോയിൽ കഴിഞ്ഞത്. ഇതിനർഥം അവർ ഒട്ടേറെ സങ്കീർണതകളിലൂടെ കടന്നുപോയി, എന്നാൽ ദൈവാനുഗ്രഹം കൊണ്ട് അവയെല്ലാം അതിജീവിച്ചു.
ആശുപത്രിയിൽ കഴിഞ്ഞ 11 മാസം അമലിന്റെ ചലനം വളരെ ദുഷ്‌കരമായിരുന്നുവെന്ന് ഫിസിക്കൽ തെറാപ്പിസ്റ്റ് റാമി ബോയ്‌ൽസ് പറഞ്ഞു. അവർക്ക് കൈകളോ കാലുകളോ ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ കിടക്കയിൽ കിടന്നുകൊണ്ടാണ് അവരുമായി പ്രവർത്തിച്ചു തുടങ്ങിയത്, തുടർന്ന് ബെഡിന്റെ അരികിൽ ഇരുത്തി. ഞങ്ങൾ പ്രതീക്ഷ കൈവിടാതെ തുടർന്നു, അവർ ശക്തയാകുകയും എഴുന്നേറ്റു നിൽക്കാൻ കഴിയുകയും ചെയ്തപ്പോൾ ഞങ്ങൾ വിലപ്പെട്ട എന്തോ ചെയ്തുവെന്ന് തോന്നി. പ്രതീക്ഷ കൈവിടാതെ പൂർണമായി സംയോജിപ്പിച്ച ഒരു ടീമായി പ്രവർത്തിച്ചാൽ ഏത് ഘട്ടത്തിലുള്ള ഡോക്ടർമാർക്കും അദ്ഭുതകരമായ ഫലങ്ങൾ നേടാൻ കഴിയുമെന്നതിന് അമലിന്റെ കേസ് തെളിവാണ്.
അപകടഘട്ടം അതിജീവിച്ചെങ്കിലും അമലിന്റെ ചികിത്സാ ആവശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ചികിത്സയുടെ ഭാഗമായി വൻകുടലിന്റെ പ്രവർത്തനം നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ ഒരു ബാഹ്യ കോളൺ പൗച്ചിനെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്. എനിക്ക് ഇപ്പോഴും ഒരു കോളൺ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുണ്ട്, ഞാൻ ഇപ്പോൾ ബാഹ്യ കോളൺ ഉപയോഗിക്കുന്നു. ശസ്ത്രക്രിയ പൂർത്തിയാക്കാൻ എനിക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. തന്റെ വീണ്ടെടുക്കൽ അദ്ഭുതകരമാണെങ്കിലും ചികിത്സാ യാത്ര അവസാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
