ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുക്കുന്നത് വന്‍ സുരക്ഷാ സന്നാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പുടിന്‍ എത്തുന്നത്. വ്യാഴാഴ്ച പുടിന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്‍ സുരക്ഷയാണ് റഷ്യന്‍ പ്രസിഡന്റിന് ഇന്ത്യയില്‍ ഒരുക്കുന്നത്. റഷ്യയുടെ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസില്‍ നിന്നുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാര്‍ഡിലെ ഉന്നത കമാന്‍ഡോമാരും സുരക്ഷയൊരുക്കാനുണ്ടാകും. ഇതുകൂടാതെ, സ്‌നിപ്പര്‍മാര്‍, ഡ്രോണുകള്‍, ജാമറുകള്‍, എഐ മോണിറ്ററിങ് അങ്ങനെ അഞ്ച് ലെയര്‍ സുരക്ഷാ സംവിധാനമാണ് റഷ്യന്‍ പ്രസിഡന്റിനായി ഒരുക്കുക.
ഡല്‍ഹിയില്‍ നാളെ വൈകിട്ടോടെ വ്‌ളാഡിമര്‍ പുടിന്‍ എത്തുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിക്കൊപ്പം അത്താഴ വിരുന്നില്‍ പുടിന്‍ പങ്കെടുക്കും. അടുത്ത ദിവസം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലും പുടിന്‍ പങ്കെടുക്കും.
യുക്രെയ്നുനേരെ മിസൈല്‍ ചൂണ്ടി, പടിഞ്ഞാറന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന പുടിന്‍
വെള്ളിയാഴ്ച രാജ്ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ സ്മാരകം സന്ദര്‍ശിക്കും. ഇതിനു ശേഷമായിരിക്കും ഹൈദരാബാദ് ഹൗസില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുക. ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങിലും റഷ്യന്‍ പ്രസിഡന്റ് പങ്കെടുക്കും. ശേഷം രാഷ്ട്രപതി ഭവനില്‍ ദ്രൗപതി മുര്‍മു ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.
പുടിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി റഷ്യയില്‍ നിന്നുള്ള നാല് ഡസനിലധികം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസ്, എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്കൊപ്പം, റഷ്യന്‍ പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന എല്ലാ വഴികളും ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കും. പുടിന്‍ കടന്നു പോകുന്ന വഴി മുഴുവന്‍ സ്‌നൈപ്പര്‍മാരുടെ കാവലുണ്ടാകും. ജാമറുകള്‍, എഐ നിരീക്ഷണം, മുഖം തിരിച്ചറിയാനുള്ള ക്യാമറകള്‍ എന്നിവയും പുടിന്റെ സുരക്ഷയ്ക്കുണ്ട്.
അഞ്ച് ലെയര്‍ സുരക്ഷയാണ് പുടിനായി ഇന്ത്യയില്‍ ഒരുങ്ങുന്നത്. പുടിന്‍ ഇന്ത്യയില്‍ എത്തുന്നതു മുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുക. പുറം സുരക്ഷയില്‍ എന്‍എസ്ജിയും അകത്തെ സുരക്ഷകള്‍ക്കായി റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റിയും കൈകാര്യം ചെയ്യും. മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകും.
റഷ്യന്‍ പ്രസിഡന്റ് ഉപയോഗിക്കുന്ന ആഡംബര കാറായ ഓറസ് സെനറ്റ് ലിമോസിന്‍ ആണ് പുടിന്റെ സുരക്ഷാ സംവിധാനത്തിലെ പ്രധാന ആകര്‍ഷണം. പുടിന്റെ ഇന്ത്യാ യാത്രയ്ക്കായി മോസ്‌കോയില്‍ നിന്നാണ് സെനറ്റ് വിമാനത്തില്‍ കൊണ്ടുവരുന്നത്. ഈ വര്‍ഷം ആദ്യം ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം റഷ്യന്‍ പ്രസിഡന്റ് സെനറ്റില്‍ സഞ്ചരിച്ചിരുന്നു.
റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ ഓറസ് മോട്ടോഴ്സ് വികസിപ്പിച്ചെടുത്ത ഫുള്‍ സൈസ് ആഡംബര ലിമോസിന്‍ ആണ് സെനറ്റ്. 2018 ല്‍ അവതരിപ്പിച്ച സെനറ്റ്, പുടിന്റെ ഔദ്യോഗിക സ്റ്റേറ്റ് കാറാണിത്. സര്‍ക്കാരിന്റെ ഉപയോഗത്തിനായി ആഭ്യന്തര ആഡംബര, കവചിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള റഷ്യന്‍ പദ്ധതിയായ ‘കോര്‍ട്ടെഷ്’ ഭാഗമാണിത്.
