റിയാദ്: സഊദിയിലെത്തുന്ന സന്ദർശക വീസയിലെത്തുന്നവർക്ക് രാജ്യത്തിനകത്ത് തിരിച്ചറിയൽ രേഖയായി ഇനി മുതൽ ഡിജിറ്റൽ ഐഡി കൈവശം കരുതിയാൽ മതിയാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) അറിയിച്ചു. അബ്ഷിർ ഓൺലൈൻ ആപ്പിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ ഐഡി ആധികാരിക തിരിച്ചറിയൽ രേഖയായി അംഗീകരിക്കുന്നതായാണ് ഇത് സംബന്ധിച്ച് പാസ്പോർട്ട് ഡയറക്ടർ ബോർഡ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു.
രാജ്യത്തിനകത്ത് യാത്ര ചെയ്യുമ്പോഴും മറ്റും സൗദിയിലെ വിവിധ ഔദ്യോഗിക കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർക്കും മുൻപാകെ ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയൽ രേഖയായി അബ്ഷിറിലുള്ള ഡിജിറ്റൽ ഐഡി കാണിച്ചു കൊടുത്താൽ മതിയാകും. ഇത് വഴി രാജ്യത്തിനകത്തുള്ള സന്ദർശകരുടെ യാത്രാ സൗകര്യങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കുന്നതിനും ഏറെ ലളിതമാക്കുന്നതിനും ഉപകാരപ്രദമാകുന്നതോടൊപ്പം രേഖകൾക്കായി കടലാസ് ഉപയോഗിക്കുന്നത് കുറവ് വരുത്തുന്നതിനും സാധിക്കും.
സൗദിയിലെ ഔദ്യോഗിക സംവിധാനങ്ങളുടെ ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ക്രമീകരണം സേവനങ്ങളുടെ ഭാഗമായിരിക്കുന്നത്. മുൻപ് സന്ദർശക വീസയിലുള്ളവർ കൈവശം തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് കരുതേണ്ടി വന്നിരുന്നു.
രാജ്യത്തിനു പുറത്തേക്ക് അതിർത്തി കടന്നു യാത്രചെയ്യുന്നവർ യഥാർഥ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കൈവശം കരുതണം. എന്നാൽ ആഭ്യന്തര വകുപ്പിൻ്റെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റഫോമായ അബ്ഷീറിലും, തവക്കൽനയിലും ലഭ്യമായ ഡിജിറ്റൽ രൂപത്തിലുള്ള തിരിച്ചറിയൽ രേഖ, ദേശീയ തിരിച്ചറിയൽ രേഖ എന്നിവയ്ക്ക് രാജ്യത്തിനകത്ത് മാത്രമാണ് അംഗീകാരം നൽകുന്നത്.
അതിർത്തി കടന്ന് രാജ്യത്തിനു പുറത്തേക്ക് യാത്ര പോകുന്നവരുടെ പക്കൽ അതിർത്തിയിലെ ഇമിഗ്രേഷൻ പരിശോധനാ കേന്ദ്രങ്ങളിൽ കാലാവധിയുള്ള യഥാർഥ പാസ്പോർട്ട്, ദേശീയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ കൈവശം കരുതേണ്ടതും കാണിക്കേണ്ടതുമാണ്. ഇത്തരം രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിച്ച് രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കാൻ അനുവാദമുണ്ടായിരിക്കുകയില്ലെന്ന് പാസ്പോർട്ട് വിഭാഗം ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
യാത്രയ്ക്കു മുൻപ് പാസ്പോർട്ട് അടക്കമുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ നിയമാനുസൃതമുള്ള മതിയായ കാലാവധിയുണ്ടോയെന്നും സ്വയം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നും വക്താവ് അറിയിച്ചു.. യാത്രക്ക് മുൻപായി ആവശ്യമായ രേഖകൾ ഔദ്യോഗിക സംവിധാനങ്ങളിൽ കാലികമാക്കിയെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് ഫുട്ബോൾ മൽസരങ്ങൾ വീക്ഷിക്കുന്നതിന് സൗദിയിൽ നിന്നും ധാരാളം കാണികൾ കുടുംബസമേതം സൽവാ അതിർത്തിയിലൂടെ ഖത്തറിലേക്ക് പോകാൻ എത്തുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
